അംബയുടെ ജീവിതം പ്രമേയമാക്കി കേരളനടനത്തിന്റെ അരങ്ങില്‍
ഇരിങ്ങാലക്കുട: മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ അംബയുടെ കഥ കേരളനടനത്തില്‍ അവതരിപ്പിച്ച് ടി.ആര്. തേജല്‍. 33 ാമത് ജില്ലാ കലോത്സവത്തിലെ മൂന്നാം നാളില്‍ മുഖ്യവേദിയായ ടൗണ്‍ ഹാളില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കേരളനടനത്തിലാണ് തേജല്‍ അംബയുടെ കഥ പ്രമേയമാക്കിയത്. കാശി രാജാവിന്റെ സുന്ദരിയായ മൂത്തമകള്‍ അംബയെ ഭീഷ്മര്‍ സ്വയംവര മണ്ഡപത്തില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുന്നത് മുതല്‍ ആത്മാഹുതി ചെയ്യുന്നതു വരെയുളള അംബയുടെ ജീവിതഭാഗമാണ് അവതരിപ്പിച്ചത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ തേജല്‍ മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി. 12 വര്‍ഷമായി നൃത്തം പഠിക്കുന്നുണ്ട്. അഞ്ചു വര്‍ഷമായി കേരളനടനവും അഭ്യസിക്കുന്നുണ്ട്. മതിലകം പുതിയകാവ് സ്വദേശി രഞ്ജിത്താണ് അച്ഛന്. അമ്മ രജനി. പുരാണ കഥാപാത്രങ്ങളും സമകാലിക വിഷയങ്ങളും പ്രമേയമാക്കി 11 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കേരള നടനത്തിന്റെ അരങ്ങില്‍ നിറഞ്ഞാടിയത്.
മൂന്നാംപക്കവും വേദികള്‍ വൈകിയുണര്‍ന്നു, വൈകിയോടുന്ന കലോത്സവ വണ്ടി
ഇരിങ്ങാലക്കുട: കലോത്സവത്തിന്റെ രണ്ടാം ദിനവും മൂന്നാം ദിനവും മത്സരങ്ങള്‍ ഏറെ വൈകിയാണ് നടന്നത്. രാവിലെ മുതല്‍ വൈകല്‍ തുടര്‍ക്കഥയായതോടെ രണ്ടാം ദിനത്തില്‍ തുടര്‍ന്നത് പിറ്റേദിവസം പുലര്‍ച്ചെ ഒരു മണി വരെ. ഉദ്ഘാടനച്ചടങ്ങുതന്നെ വൈകിയതാണ് മത്സരങ്ങളുടെ വൈകലിനു തുടക്കമായത്. പല മത്സരങ്ങളും നിശ്ചയിച്ച സമയത്തിനു പത്തുമണിക്കൂറുകള് കഴിഞ്ഞ ശേഷമാണ് തുടങ്ങാനായത്. ഇതോടെ പല വേദികളിലും ചെറിയ തോതില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. പല മത്സര ഫലങ്ങളുടെയും പ്രഖ്യാപനം വൈകിയതും ആശയക്കുഴപ്പത്തിനിടയാക്കി. ഇന്നലെ ഉദ്ഘാടന ചടങ്ങില്ലാത്തതിന്നാല് രാവിലെ ഒമ്പതിന് മത്സരങ്ങള്‍ ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും വേദികള്‍ ഉണര്‍ന്നത് ഒന്നര മണിക്കൂര്‍ വൈകിയാണ്. മത്സരാര്‍ഥികള്‍ വേദി കണ്ടെത്തി എത്തിച്ചേരാന്‍ വൈകിയതാണ് കാരണം. ഇതിനിടയില്‍ പല വേദികളിലും മാറ്റം വന്നതും തിരിച്ചടിയായി.
കലോത്സവം തുടങ്ങുന്നതിനു മുമ്പും പിമ്പും വേദികളില്‍ മാറ്റം: വേദി മാറ്റം മത്സരാര്‍ഥികളെ കുഴച്ചു
ഇരിങ്ങാലക്കുട: രണ്ടാം വേദിയായ ഡോണ്‍ബോസ്കോയിലെ പരിപാടികള്‍ മൂന്നാം വേദിയായ ഗേള്സിലേക്കും ഗേള്‍സിലെ പരിപാടികള്‍ ഡോണ്‍ ബോസ്കോയിലേക്കും മാറ്റിയത് മത്സരാര്‍ഥികളിലും ഒപ്പം എത്തിയ രക്ഷിതാക്കളിലും ആശയക്കുഴപ്പത്തിന് കാരണമായി. വേദി മാറ്റിയ കാര്യം മത്സരാര്‍ഥികള്‍ അറിയാത്തതിനാല്‍ പലരും മുമ്പ് നിശ്ചയിച്ചിരുന്ന വേദികളില്‍ തന്നെ എത്തി. ഇതോടെ ഡോണ്‍ബോസ്കോയിലും ഗേള്‍സിലും തുടങ്ങേണ്ട മത്സരങ്ങള്‍ ഏറെ വൈകിയാണ് ആരംഭിച്ചത്. അതേ സമയം സാങ്കേതിക വിഷയങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് വേദികളുടെ മാറ്റം സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചത്. യുപി തല നാടക മത്സരങ്ങള്‍ നടത്തിയ ഡോണ്‍ബോസ്കോ എച്ച്എസ്എസിലെ വേദിയല്‍ ശബ്ദം പ്രതിധ്വനിക്കുന്നതിനാല്‍ സംഭാഷണം വ്യക്തമായില്ലെന്ന പരാതിയാണ് വേദി മാറ്റാന്‍ കാരണമായത്. കലോത്സവം തുടങ്ങുന്നതിനു മുമ്പേ വേദികളില്‍ മാറ്റം വരുത്തിയിരുന്നു. മുനിസിപ്പല്‍ മൈതാനിയില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ടൗണ്‍ ഹാളിലേക്കും ഡോണ്‍ ബോസ്കോയിലേക്കും മാറ്റുകയായിരുന്നു. മത്സരങ്ങള്‍ 16 വേദികളിലായാണ് നടന്നതെങ്കിലും വേദികള്‍ തമ്മിലുള്ള അകലം ഏറെ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കി. ഒന്നിലേറെ ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് സമയത്തിന്റെ പ്രശ്നം ഏറെ ആശങ്ക ഉണ്ടാക്കി. രണ്ടും മൂന്നും ഇനങ്ങളില്‍ മത്സരിക്കേണ്ടി വന്നവര്‍ക്ക് വിശ്രമമില്ലാതെ മത്സരിക്കേണ്ട സ്ഥിതിയാണ്.