ചാത്തന് മാസ്റ്ററുടെ സംഭാവനകള്‍ കാലഭേദങ്ങള്‍ക്കതീതമായി നിലനില്ക്കും, കെപിഎംഎസ്
ഇരിങ്ങാലക്കുട: ആധുനിക കേരളത്തിന് ഊടും പാവും നല്കിയ ഒന്നാം മന്ത്രിസഭയിലെ പൊതുഭരണ വകുപ്പ് മന്ത്രിയും കെപിഎംഎസ് സ്ഥാപക നേതാവുമായ പി.കെ. ചാത്തന് മാസ്റ്ററുടെ സ്മരണീയമായ സംഭാവനകള്‍ കാലഭേദങ്ങള്‍ക്കതീതമായി നിലനില്‍ക്കുമെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.എ. അജയഘോഷ് പറഞ്ഞു. പി.കെ. ചാത്തന് മാസ്റ്ററുടെ 35ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് മാപ്രാണത്ത് പി.കെ. ചാത്തന് മാസ്റ്ററുടെ പേരില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഉദ്ഘാടനം ചെയ്യുന്ന ഹാളിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ചാത്തന് മാസ്റ്ററുടെ പ്രസ്ഥാനത്തെ പങ്കെടുപ്പിക്കാതിരുന്നത് കടുത്ത അവഗണനയും അനീതിയാണെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. രഘു അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എന്‍. സുരന്, ശശി കൊരട്ടി, സന്തോഷ് ഇടയിലപ്പുര, കെ.പി. ശോഭന, ബിനോജ് തെക്കേമറ്റത്തില്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് കുഴിക്കാട്ടുകോണം അംബേദ്കര്‍ സ്മാരക മന്ദിരത്തില്‍ നടന്ന അനുസ്മരണ സമ്മേളനം പി.വി. ബാബു ഉദ്ഘാടനം ചെയ്തു. പി.സി. രഘു അധ്യക്ഷത വഹിച്ചു. പി.എ. അജയഘോഷ്, സി.എസ്. മനോഹരന് സംസാരിച്ചു. പി.എന്‍. സുരന് സ്വാഗതവും, പി.സി. രാജീവ് നന്ദിയും പറഞ്ഞു.
പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി കുടീരത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പുഷ്പാര്‍ച്ചന നടത്തുന്നു. കെ.പി. രാജേന്ദ്രന്, സി.സി. മുകുന്ദന്, പി. മണി, ഗീത ഗോപി, ബാബു ചിങ്ങാരത്ത്, എം.വി. ഗംഗാധരന്, എന്‍.കെ. ഉദയപ്രകാശ്, ബിനോയ് ഷബീര്‍ എന്നിവര്‍ സമീപം.