കൂടല്‍മാണിക്യം ഉത്സവം ആദ്യശീവേലിക്ക് ആയിരങ്ങള്‍; ആസ്വാദകര്‍ക്ക് പുതുമഴയായി പഞ്ചാരി പെയ്തിറങ്ങി
ഇരിങ്ങാലക്കുട: പഞ്ചാരിയുടെ പുതുമഴ പതിനായിരങ്ങള്‍ക്ക് കുളിരേകി. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാവിലെ നടന്ന ആദ്യശീവേലിയാണ് മേളാസ്വാദകര്‍ക്ക് പുതുമഴ സമ്മാനിച്ചത്. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്തു. പ്രഗത്ഭ മേളകലാകാരനായ പെരുവനം പ്രകാശന് മാരാരുടെ പ്രമാണത്തിലായിരുന്നു ആദ്യ ശീവേലിമേളം. രാവിലെ ആചാര പ്രദക്ഷിണങ്ങള്‍ക്ക് ശേഷം 9.30 ന് നടന്ന ആദ്യശീവേലി പഞ്ചാരിമേളത്തിന് തുടക്കം കുറിച്ചു. ഇടയ്ക്കയും തിമിലയും ചെണ്ടയും തവിലിലും കൊട്ടിത്തീര്‍ത്ത 120 ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില്‍ ജനങ്ങള്‍ മുഴുകി. രാവിലത്തെ അനാര്‍ഭാടമായ നാലു പ്രദക്ഷിണത്തിനു ശേഷം പഞ്ചാരിമേളത്തിന്റെ പതികാലത്തിന്റെ ആദ്യസ്പന്ദനം പൊട്ടിത്തെറിക്കുന്നതോടെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നാദപ്രപഞ്ചത്തിന് നാന്ദി കുറിക്കുകയായി. ചൈത്രം അച്ചു ആദ്യശീവേലിക്ക് തിടമ്പേറ്റി. ആദ്യശീവേലി ആസ്വദിക്കാന്‍ രാവിലെ മുതല്‍ തന്നെ സംഗമസന്നിധിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. കിഴക്കേ നടപ്പുരയില്‍ പഞ്ചാരിയുടെ പതികാലവും തെക്കേനടയില്‍ രണ്ടാംകാലവും കൊട്ടിയശേഷം പടിഞ്ഞാറേ നടപ്പുരയില്‍ മൂന്നും നാലും അഞ്ചും കാലം കൊട്ടിക്കലാശിച്ചു. തുടര്‍ന്ന് രൂപകം കൊട്ടി വടക്കേനടയില്‍ ചെമ്പടമേളത്തിലേക്ക് കടന്നു. ചെമ്പടയില്‍ വകകൊട്ടല്‍ ഇരിങ്ങാലക്കുട ഉത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. തുടര്‍ന്ന് കിഴക്കേനടയിലെത്തി ചെമ്പടമേളം കൊട്ടിക്കലാശിച്ചതോടെ ആദ്യശീവേലിക്ക് സമാപനമായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് രാജീവ് വാരിയര്‍ പ്രമാണം വഹിച്ചു. രാവിലെ 8.30 മുതല്‍ നടക്കുന്ന ശീവേലിയുടെ ഭാഗമായുള്ള പഞ്ചാരിമേളത്തിന് കലാനിലയം ഉദയന്‍ നമ്പൂതിരി പ്രമാണം വഹിക്കും. രാത്രി 9.30ന് നടക്കുന്ന വിളക്കെഴുന്നള്ളിപ്പിനുള്ള പഞ്ചാരിമേളത്തിന് കലാമണ്ഡലം ശിവദാസ് പ്രമാണം വഹിക്കും.
മൂന്നാം ഉത്സവം; ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇന്ന് 05.05.2023
(സ്പെഷല്‍ പന്തലില്‍)
ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ മൂന്ന് വരെ തിരുവാതിരക്കളി. മൂന്ന് മുതല്‍ 3.30വരെ അഷ്ടപദി. 3.30 മുതല്‍ നാല് വരെ തൃശൂര്‍ ഗീത ശിവകുമാര്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. നാല് മുതല്‍ അഞ്ച് വരെ ഇരിങ്ങാലക്കുട രാജീവ് സപര്യ അവതരിപ്പിക്കുന്ന ഭക്തിഗാന ഭജന്‍ സന്ധ്യ. അഞ്ച് മുതല്‍ 5.30 വരെ ഗോപിക വേണുഗോപാല്‍ ചാലക്കുടി അവതരിപ്പിക്കുന്ന ഭരതനാട്യം. 5.30 മുതല്‍ ആറ് വരെ ഗീത ദേവനാഥ്, വരദ എന്‍. ദേവ്, വസുധ എന്‍. ദേവ് ചേറ്റുപുഴ എന്നിവരുടെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന. ആറ് മുതല്‍ ഏഴ്വരെ എടക്കുളം സന്തോഷിന്റെ നൃത്തനൃത്യങ്ങള്‍. ഏഴ് മുതല്‍ എട്ട് വരെ സിംഗപ്പൂര്‍ ദേവിക മേനോന് അവതരിപ്പിക്കുന്ന ഭരതനാട്യം. എട്ട് മുതല്‍ ഒമ്പത് വരെ ഇരിങ്ങാലക്കുട കല പരമേശ്വരന് ഭരത് വിദ്വത്മണ്ഡല് നാട്യക്കളരി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. ഒമ്പത് മുതല്‍ പത്ത് വരെ മലപ്പുറം കലാമണ്ഡലം ഡോ. സൗമ്യ സുഭാഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം. രാത്രി 12ന് കഥകളി (കഥ: 1. സന്താനഗോപാലം, 2. കിരാതം).
(സംഗമം വേദി)
ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെ തിരുവാതിരക്കളി, നാല് മുതല്‍ അഞ്ച് വരെ തൃപ്രയാര്‍ നാട്യശ്രീ നൃത്തകലാക്ഷേത്രം സുധ സുന്ദര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, അഞ്ച് മുതല്‍ ആറ്വരെ തൃശൂര്‍ മീനാക്ഷി കലാമന്ദിര്‍ പോന്നോര് അവതരിപ്പിക്കുന്ന ഭരതനാട്യം, ആറ് മുതല്‍ ഏഴ് വരെ എറണാകുളം സ്വസ്തി കലാക്ഷേത്രം ദിവ്യ ബിനീഷ് അവതരിപ്പിക്കുന്ന സെമി ക്ലാസിക്കല്‍ ഡാന്‍സ്, ഏഴ് മുതല്‍ എട്ട്വരെ പല്ലിശേരി മൂകാംബിക നാട്യകലാക്ഷേത്രം കലാതിലകം ചാന്ദ്നി സലീഷ് അവതരിപ്പിക്കുന്ന ദശാവതാര നൃത്തശില്പം, എട്ട് മുതല്‍ ഒമ്പത് വരെ മാഹി കലാര്‍പ്പിത സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ വര്‍ണമയം, ഒമ്പത് മുതല്‍ പത്ത് വരെ ചെന്നൈ കലൈമാമണി ഡോ. സംഗീത കബിലന് അവതരിപ്പിക്കുന്ന ഭരതനാട്യം.