തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു
ആധുനിക സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാന്‍ പോലീസ് വകുപ്പിന് കഴിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസിന് വേണ്ടി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പുറകില്‍ പുതിയതായി നിര്‍മിച്ച ആസ്ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. ആധുനികവല്‍ക്കരണത്തിലൂടെ ലഭിക്കുന്ന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാനും ജനങ്ങളുടെ സംരക്ഷകരായും സുഹൃത്തുക്കളുമായി മാറാനും പോലീസ് വകുപ്പിന് കഴിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. മികവേറിയ പോലീസ് സ്റ്റേഷനുകളാണ് നമുക്കുള്ളത്. കേരളത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണിത്. കുറ്റാന്വേഷണത്തില്‍ കേരള പോലീസ് മികവ് പുലര്‍ത്തുന്നുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് പോലീസ് വകുപ്പില്‍ ഉള്ളത്.
പോലീസിന് പുതിയ മുഖം നല്കാന് ഇത് സഹായിച്ചിട്ടുണ്ട്. വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ കഴിയേണ്ടതുണ്ട്. അപകടമായ സാഹചര്യങ്ങളിലാണ് പോലീസ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ആകസ്മികമായ ചില സംഭവങ്ങളെ നേരിടാനും പോലീസ് സേന പ്രാപ്തി നേടണം. പൊതു സമൂഹത്തിന് ഹിതകരമല്ലാത്ത എന്ത് ചെയ്താലും സര്‍വീസില്‍ തുടരാമെന്ന ധാരണ വേണ്ടെന്നും സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ബാഹ്യ ഇടപെടലുകള്‍ തടസമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു അധ്യക്ഷയായിരുന്നു. 2021 ല്‍ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത കൊരട്ടി പോലീസ് സ്റ്റേഷനുള്ള പുരസ്കാരം സമര്‍പ്പിച്ചു. റവന്യൂ മന്ത്രി കെ. രാജന് മുഖ്യപ്രഭാഷണം നടത്തി. എംപി മാരായ ടി.എന്‍. പ്രതാപന്, ബെന്നി ബഹനാന്, എംഎല്‍എ മാരായ കെ.കെ. രാമചന്ദ്രന്, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, വി.ആര്. സുനില്‍കുമാര്‍, സനീഷ്കുമാര് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി , വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഡിജിപി അനില്‍കാന്ത് ഐപിഎസ് സ്വാഗതവും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐപിഎസ് നന്ദിയുംപറഞ്ഞു.