ജലപരിശോധനയ്ക്കുള്ള കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമ്പൂര്‍ണ അംഗീകാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്
ഇരിങ്ങാലക്കുട: കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജലപരിശോധനയ്ക്കുള്ള ലൈസന്‍സ് സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിനു ലഭിച്ചു. കുടിവെള്ളം പരിശോധിക്കുവാന്‍ മാത്രമല്ല, അതിലടങ്ങിയ ഹാനികരമായ ബാക്ടീരിയകളെ കണ്ടെത്താന്‍ കൂടിയും ഇവിടത്തെ പരിശോധനയ്ക്കു കഴിയും. പലവിധ പരിശോധനകളട ങ്ങിയ 21 പാരാമീറ്ററുകളടങ്ങിയതാണ് ഈ ലൈസന്‍സ്. കുടിവെള്ളത്തിന്റെ പരിശോധന തികച്ചും ശാസ്ത്രീയമായി നടപ്പിലാക്കുന്നതോടൊപ്പം ഇതു ശുദ്ധീകരിക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കുവാനും ഇവിടെ നടക്കുന്ന പരിശോധനകൊണ്ട് കഴിയും. കൂടാതെ ഹോട്ടലുകള്‍, മറ്റു പൊതുഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കും ഇവിടെ ശുദ്ധജലത്തിനുള്ള നിയമാനുസൃത സര്ട്ടിഫിക്കേഷന് ലഭിക്കും. അതുമൂലം സെപ്റ്റിക് ടാങ്കില്‍ നിന്നും ലീക്കേജുകള്‍, മറ്റു മലിനീകരണ സ്രോതസുകള്‍ തുടങ്ങിയവ വളരെ പെട്ടെന്നുതന്നെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനാവുമെന്നതാണ് ഈ പരിശോധനയുടെ സവിശേഷത.
ഇ കോളി, ടൈഫോയ്ഡ്, കോളറ തുടങ്ങിയ ജൈവികമായ രോഗാണുസാധ്യതകള് കൂടാതെ ഭൗതികവും രാസപരവുമായ പഠനംവഴി രോഗവാഹകരായ ബാക്ടീരിയകളുടെ സാന്നിധ്യവും അളവും കണ്ടെത്താനും തടയുവാനും ഈ ടെസ്റ്റ് റിസല്‍ട്ടു കൊണ്ടു സാധിക്കും. കലാലയത്തിന്റെ വൈസ് പ്രിന്‍സിപ്പലും റിസര്‍ച്ച് ഡീനുമായ സിസ്റ്റര്‍ ഡോ. ഫ്ലവററ്റിന്റെ നേതൃത്വത്തിലാണ് അംഗീകാരത്തിനുവേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബയോടെക്നോളജി മാത്രമല്ല, മൈക്രോ ബയോളജിയില്‍ കൂടിയും അത്യാധുനിക സജ്ജീകരണങ്ങളടങ്ങിയ ലബോറട്ടറി ഇവിടെ ഉള്ളതിനാല്‍ സമൂഹത്തിനുപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബയോടെക്നോളജി വിഭാഗം അധ്യക്ഷന്‍ ഡോ. നൈജില്‍ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെ പൊതുജനങ്ങള്‍ക്കായുള്ള ഈ സേവനം എത്രയും വേഗം വിപുലപ്പെടുത്തുമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അറിയിച്ചു.
എയ്ഡഡ് വിഭാഗത്തില്‍ ബയോടെക്നോളജി കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഏക കലാലയവും സെന്റ് ജോസഫ്സാണ്. കഴിഞ്ഞ പ്രളയകാലത്തും ഇവിടെ പ്രാഥമിക തലത്തില്‍ ജലപരിശോധനകളും ശുചീകരണത്തിനുള്ള നിര്‍ദേശങ്ങളും ഇവര്‍ നല്‍കിയിട്ടുണ്ട്. കാമ്പസിനകത്ത് സ്ഥിതിചെയ്യുന്ന ജലശുദ്ധീകരണ പ്ലാന്റിനും ഇവര്‍ നേതൃത്വം നല്കുന്നുണ്്.