ഠാണ ചന്തക്കുന്ന് വികസനം, പണി ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു

ഠാണ ചന്തക്കുന്ന് റോഡ് പാതി പൊളിച്ചിട്ട നിലയില്‍.
വികസനത്തിന് പെരുമയേറെ, പോരായ്മയും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പട്ടണത്തിന്റെ സ്വപ്നപദ്ധതിയാണ് ഠാണ ചന്തക്കുന്ന് വികസനം. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇരിങ്ങാലക്കുട നഗരത്തിനും സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഈ സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരത്തിനായി ഭൂമി ഏറ്റെടുത്തതും ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കല്‍ ആരംഭിച്ചതും. 2024 ജൂലൈ 15ന് ഇതിന് തുടക്കം കുറിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും പണികള്‍ക്ക് വേഗത കുറവാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പണികളുടെ വേഗത കുറവു മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ ഏറെ സമ്മാനിച്ചിരിക്കുന്നത് ഈ പ്രദേശത്തെ വ്യാപാരികള്‍ക്കും ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്കുമാണ്.
വികസനത്തിനു വേണ്ടി കടമുറികള്‍ പൊളിച്ചുനീക്കുകയും വികസനം യാഥാര്‍ഥ്യമാകുന്നത് വൈകുന്നതില്‍ കണ്ണുനീര് വീഴ്ത്തുകയുമാണ് ഒരു പറ്റം വ്യാപാരികള്‍. നടപ്പാതകള്‍ പലതും ചെളിക്കൂമ്പാരമായി മാറിയിരിക്കുകയാണ്. പല കടകള്‍ക്കു മുന്നിലും കുഴികളാണ് ഉണ്ടായിരിക്കുന്നത്. പല കടകളിലും വില്പന നന്നേ കുറഞ്ഞു. റോഡ് കോണ്‍ക്രീറ്റിംഗ് നടത്തുന്നതിനു പകരം മെക്കാഡം ടാറിംഗ് മതിയെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഇതിനകം മന്ത്രിയോട് രേഖാ മൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ പൊളിച്ചിട്ട കെട്ടിടങ്ങള്‍ക്കു മുന്നില്‍ ടാര്‍പോളിന്‍ കെട്ടി വ്യാപാരികള്‍ കച്ചവടം ആരംഭിച്ചിരിക്കുകയാണ്.
കുണ്ടും കുഴിയുമായി കിടക്കുന്ന നടപ്പാതകളില്‍ വീഴുന്നവരുടെ എണ്ണം ചെറുതല്ല. സ്കൂള്‍ കുട്ടികളും സ്ത്രീകളുമാണ് ഇത്തരം അപകടത്തില്‍പെടുന്നവരില്‍ ഏറെ പേരും. ഇനിയും തങ്ങളുടെ സഹനശക്തി പരീക്ഷിക്കരുതേ എന്നുള്ള അപേക്ഷയിലാണ് വ്യാപാരികളും ഇതുവഴിയുള്ള യാത്രക്കാരും. ഇരിങ്ങാലക്കുട ടൗണിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വ്യാപാരവാണിജ്യ സാംസ്കാരിക മേഖലകളുടെ വളര്‍ച്ചക്ക് ആക്കംകൂട്ടുന്ന ജംഗ്ഷന് വികസനപദ്ധതി ഇരിങ്ങാലക്കുടയുടെ വികസനകുതിപ്പിലേക്ക് നയിക്കുമെന്ന് തീര്‍ച്ച. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, ടെലിഫോണ്‍ എക്സ്ചേഞ്ച്, വിവിധ ബാങ്കുകള്‍, സെന്റ് തോമസ് കത്തീഡ്രല്‍, ബിഷപ് ഹൗസ്, സെന്റ് ജോസഫ്സ് കോളജ്, ടൗണ്‍ ജുമാ മസ്ജിദ് എന്നിവയെല്ലാം ഈ വികസനത്തിന്റെ ഭാഗമാവും.
നാലുവരിയായി 17 മീറ്റായി റോഡ് വികസിക്കും
ചന്തക്കുന്നില്‍ മൂന്നുപീടിക റോഡില്‍ 50 മീറ്ററും കൊടുങ്ങല്ലൂര്‍ റോഡില്‍ സെന്റ് ജോസഫ്സ് കോളജ് വരെയും ഠാണാവില്‍ തൃശൂര്‍ റോഡില്‍ ബൈപ്പാസ് റോഡ് വരെയും ചാലക്കുടി റോഡില്‍ ഗവ. ആശുപത്രി വരെയുമാണ് വികസനം നടപ്പാക്കുന്നത്. നാലുവരിപാതയാണ് നിര്‍മിക്കുന്നത്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശേരി വില്ലേജുകളില്‍ ഉള്‍പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് ഠാണ ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി പൊന്നുംവില നല്കി ഏറ്റെടുത്തത്. 41.86 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് മാത്രം ചെലവായത്.
133 പേര്‍ക്ക് പദ്ധതി പ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജുകള്‍ പൂര്‍ത്തീകരിച്ചാണ് നിര്മാണാരംഭത്തിലേക്ക് കടന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി ഇരുവശത്തുനിന്നും സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. എന്നാല്‍ വൈദ്യുതിക്കാലുകള് മാറ്റി സ്ഥാപിക്കുകയോ കുടിവെള്ള പൈപ്പ്ലൈന് വലിക്കുകയോ ചെയ്തിട്ടില്ല. മാപ്രാണം മുതല്‍ കരുവന്നൂര്‍ വരെയുള്ള ഭാഗത്തെ പണികള്‍ പൂര്‍ത്തിയാകുന്നതോടെ പൂതംകുളം മുതല്‍ സെന്റ് ജോസഫ്സ് കോളജ് വരെയുള്ള ഭാഗത്തെ പണികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറയുന്നത്.