ഇരിങ്ങാലക്കുട മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു
നിര്‍മാണ ഉദ്ഘാടനം 24ന്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുരിയാട് വേളൂക്കര സമഗ്ര ശുദ്ധജല പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും. 24ന് വേളൂക്കര പഞ്ചായത്തില്‍ നടക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കുമെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. ജല്‍ജീവന്‍ മിഷന്, സംസ്ഥാന ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിക്കായി 164.87 കോടിയും ഇരിങ്ങാലക്കുട നഗരസഭയ്ക്കായി സംസ്ഥാന വിഹിതമായ 19.35 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ജല്‍ ജീവന് മിഷന് പദ്ധതിയില്‍ മുരിയാട് പഞ്ചായത്തിന് 70.22 കോടിയും വേളൂക്കര പഞ്ചായത്തിന് 94.65 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. മുരിയാട് വനിതാ വ്യവസായ കേന്ദ്രത്തിന് സമീപം 15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ശുദ്ധജല ടാങ്കും വേളൂക്കര പഞ്ചായത്തില്‍ കല്ലംകുന്നില്‍ 10 ലക്ഷം സംഭരണശേഷിയുള്ള ടാങ്കുമാണ് നിര്‍മ്മിക്കുന്നത്. കരുവന്നൂര്‍പ്പുഴയിലെ പുതിയ കിണറും പമ്പ് ഹൗസുമായിരിക്കും ഈ പദ്ധതിയുടെ സ്രോതസ്. മങ്ങാടിക്കുന്നില്‍ നിലവിലുള്ള ടാങ്കിനു പിറകില്‍ 18 മില്യണ്‍ ലിറ്ററിന്റെ ജലശുദ്ധീകരണശാല നിര്‍മിക്കും. കരുവന്നൂര്പ്പുഴയില്നിന്ന് മങ്ങാടിക്കുന്നിലെ ഈ ടാങ്കിലേക്ക് വെള്ളം എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണംചെയ്യുക. മങ്ങാടിക്കുന്ന് പ്ലാന്റിന് സമീപം ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള കുടിവെള്ള വിതരണത്തിന് 22 ലക്ഷത്തിന്റെ പുതിയ ടാങ്ക് നിര്‍മിക്കും. അതില്‍നിന്ന് നിലവിലുള്ള പൈപ്പ് ലൈന്‍ വഴി നഗരസഭ പരിധിയില്‍ കുടിവെള്ളവിതരണം നടത്താനാണ് പദ്ധതി. പദ്ധതി നടപ്പിലാകുന്നതോടെ നഗരസഭയിലെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണാനാകുമെന്ന് മന്ത്രി ആര്. ബിന്ദു പത്രസമ്മേളനത്തില്‍ പറഞ്ഞു.