മാലിന്യ സംസ്കരണത്തിന് പെല്ലെറ്റൈസര് നിര്‍മിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: നഗരങ്ങളിലെ കരിയില മാലിന്യങ്ങളില്‍ നിന്നും പെല്ലറ്റ് രൂപത്തിലുള്ള ജൈവവളം നിര്‍മിക്കാനുള്ള ഉപകരണം വികസിപ്പിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍. അസിസ്റ്റന്റ് പ്രൊഫസര്‍ അശ്വതി പി. സജീവിന്റെ മേല്‍നോട്ടത്തില്‍ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ ആബേല്‍ ജെയ്സണ്‍, അജ്മല്‍ പാഷാ, ആല്‍ബര്‍ട്ട് ആന്റോ, ജോ കുര്യന് ജോസ് എന്നിവരാണ് പെല്ലറ്റൈസര് വികസിപ്പിച്ചെടുത്തത്.
മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് മണിക്കൂറില്‍ 80 കിലോ വരെ പെല്ലറ്റ് രൂപത്തിലുള്ള ജൈവ വളം ഉല്പാദിപ്പിക്കാന് കഴിയും. കരിയിലക്കൊപ്പം പോഷക സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ ചാണകപ്പൊടിയും കടലപ്പിണ്ണാക്കും ചേര്‍ത്ത് നിര്‍മിക്കുന്ന പെല്ലറ്റുകള്‍ ഇന്‍ഡോര്‍ പ്ലാന്റുകളുടെ പോട്ടിംഗ് മിശ്രിതമായി ഉപയോഗിക്കാം. ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവും പോഷക സമ്പന്നതയും കരിയില പെല്ലറ്റുകളെ ആകര്‍ഷകമാക്കുന്നു.
ഫ്ലാറ്റുകള്‍, ഐടി ഹബ്ബുകള്‍, നഗരങ്ങളിലെ പാര്‍ക്കുകള്‍ എന്നിങ്ങനെ ജനസാന്ദ്രതയേറിയ കേന്ദ്രങ്ങളില്‍ കരിയില കത്തിക്കുന്നത് മൂലമുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കു ശാശ്വതപരിഹാരമുണ്ടാക്കുക എന്നതാണ് ഈ യന്ത്രം രൂപകല്പന ചെയ്യാനുള്ള പ്രചോദനമെന്നു മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. എം.ടി. സിജോ അഭിപ്രായപ്പെട്ടു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് എന്നിവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.