പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ കൃഷിയിടങ്ങളില്‍ നിന്നു കുടിയിറക്കും: ഡിസിസി സെക്രട്ടറി എം.എസ്. അനില്‍കുമാര്‍
ഇരിങ്ങാലക്കുട: മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ സ്വന്തം കൃഷിയിടങ്ങളില്‍ നിന്നു കുടിയിറക്കി കുത്തക കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു തീറെഴുതി കൊടുക്കുന്നതിനുവേണ്ടിയുള്ളതാണെന്നു ഡിസിസി സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കര്ഷകസമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കിസാന്‍ കോണ്‍ഗ്രസ് നടത്തിയ കര്‍ഷക പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക പ്രേമവും തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള മുതലക്കണ്ണീരാണെന്നും പഴം, പച്ചക്കറി കര്‍ഷകര്‍ക്കു പ്രഖ്യാപിച്ച താങ്ങുവില പോലും മുഴുവനായി നല്കുവാന് സര്‍ക്കാര്‍ തയാറായിട്ടില്ലായെന്നും മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സതീഷ് വിമലന് പറഞ്ഞു. കിസാന്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. കിസാന്‍ കോണ്‍ഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് മോഹന്‍ദാസ് പിള്ളത്ത്, കിസാന്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രവീണ്‍സ് ഞാറ്റുവെട്ടി, കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം കെ.ബി. ശ്രീധരന്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പി. ഭരതന്, കിസാന്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ശ്രീനിവാസന്, കിസാന്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഭാസി കാരാപ്പിള്ളി, കിസാന്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സൈമണ്‍ കാറളം എന്നിവര്‍ പ്രസംഗിച്ചു.