ശ്രീ കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തിലെ വലിയവിളക്കാഘോഷം ഇന്ന് വൈകീട്ട് നടക്കും
കൂടല്‍മാണിക്യം ഉത്സവം: വലിയവിളക്ക് ഇന്ന്
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തിലെ വലിയവിളക്കാഘോഷം ഇന്ന് വൈകീട്ട് നടക്കും. കൊടിപ്പുറത്ത് വിളക്ക് മുതല്‍ ഉത്സവനാളുകളില്‍ രാത്രി ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനാണു വലിയവിളക്കോടെ സമാപ്തിയാകുന്നത്. വൈകീട്ട് 6 മണിക്ക് തന്നെ ചുറ്റുവിളക്ക് ലക്ഷദീപം തെളിയുന്നതോടെ വെളിച്ചത്തിന്റെ വര്‍ണപ്രപഞ്ചത്തില്‍ ക്ഷേത്രം നിറഞ്ഞു നില്ക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള എട്ടു വിളക്കുകളുടെ സമാപനം കുറിക്കുന്നതാണ് വലിയവിളക്ക്. ക്ഷേത്രകവാടങ്ങളും ഗോപുര ദ്വാരങ്ങളും ചുറ്റമ്പലവും നാലമ്പലവും കുലീപിനി തീര്ഥക്കരയും കുട്ടംകുളം പരിസരവും മണ്ചെരാതുകളില് എരിയുന്ന ദീപങ്ങളുടെ ആവലിയാല് നിറയും. ആല്‍ത്തറയും വിളക്കുമാടവും ദീപസ്തംഭങ്ങളും വലിയ വിളക്കിന് സ്വാഗതമരുളും. ശ്രീകോവിലിനകത്തെയും വിളക്കുമാടത്തിലെയും മുഴുവന്‍ വിളക്കുകളും ജ്വലിക്കും. ഇത് വലിയവിളക്കു ദിവസത്തിലെ നയനമനോഹരമായ കാഴ്ചയാണ്. ക്ഷേത്രം മുഴുവന്‍ ദീപാലകൃതമാകും എന്നതാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. രാത്രി ഏട്ടിനു ഭഗവാന്റെ തിടമ്പേറ്റിയ കോലം പുറത്തേക്കെഴുന്നള്ളിച്ച് ഗജവീരന്റെ പുറത്തേറ്റി മൂന്ന് ആനകളുടെ അകമ്പടിയോടെ വിളക്കാചാര പ്രദക്ഷിണമടക്കം അഞ്ചെണ്ണം വെക്കുന്നു. തുടര്‍ന്ന് 17 ഗജവീരന്മാരും അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ് കിഴക്കേ നടയിലാരംഭിക്കും. മേളപ്രമാണി പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ 130 ഓളം വാദ്യകലാകാരന്മാര് പങ്കെടുക്കുന്ന പഞ്ചാരിമേളം ആരംഭിക്കും. പഞ്ചാരിമേളം പടിഞ്ഞാറേ നടപ്പുരയില്‍ അവസാനിച്ച് ചെമ്പട കൊട്ടി കിഴക്കേ നടപ്പുരയിലേക്കു നീങ്ങി തുടങ്ങിയാല്‍ സ്പെഷല്‍ പന്തലില്‍ ശ്രീരാമപട്ടാഭിഷേകം കഥകളി ആരംഭിക്കും. ഇന്നു വൈകീട്ട് അഞ്ചിനു കൂടല്‍മാണിക്യം സായാഹ്നകൂട്ടായ്മയുടെ നേതൃത്വത്തില്‍ ആനയൂട്ട് നടക്കും. ക്ഷേത്രത്തിന്റെ തെക്കേനടവഴിയില് സംഘടിപ്പിക്കുന്ന ആനയൂട്ടില്‍ 25 ഗജവീരന്മാര് പങ്കെടുക്കും.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
രാവിലെ 8.30 മുതല്‍ ശീവേലി, ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെ ശ്രുതിലയ മ്യൂസിക് അക്കാദമി അവതരിപ്പിക്കുന്ന ഭക്തിഗാന മഞ്ജരി, മൂന്നു മുതല്‍ നാലു വരെ അണിമംഗലം സാവിത്രി അന്തര്‍ജനവും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളി, നാലു മുതല്‍ അഞ്ചു വരെ ജയന്തി ദേവരാജ് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, അഞ്ചു മുതല്‍ ആറുവരെ വാദ്യസമന്വയം, വൈകീട്ട് ആറു മുതല്‍ രാത്രി ഒമ്പതു വരെ കര്‍ണാടകസംഗീതം (വോക്കല്‍-നെയ്വേലി സന്താനഗോപാലന്, വയലിന്-ഡല്‍ഹി സുന്ദരരാജന്, മൃദംഗം-കലൈമാമണി ഡോ. തിരുവാരൂര്‍ ഭക്തവത്സലം, ഘടം-തൃപ്പൂണിത്തുറ രാധാകൃഷ്ണന്), രാത്രി ഒമ്പതു മുതല്‍ 11 വരെ പാര്‍ശ്വനാഥ് ഉപാദ്ധ്യായ്, പി.വി. ആദിത്യ, ശ്രുതിഗോപാല് എന്നിവര്‍ അവതരിപ്പിക്കുന്ന ആഭ ഭരതനാട്യം, രാത്രി 9.30 മുതല്‍ വിളക്ക്, പത്മശ്രീ പെരുവനം കുട്ടന്മാരാര് അവതരിപ്പിക്കുന്ന പഞ്ചാരിമേളം, രാത്രി 12 മുതല്‍ ശ്രീരാമ പട്ടാഭിഷേകം കഥകളി എന്നിവ നടക്കും. വൈകീട്ട് 5.30 നു കുലീപിനി തീര്ഥമണ്ഡപത്തില് നാരായണന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം, 6.30 നു രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന കുറത്തിയാട്ടം, രാവിലെ ശീവേലിക്കുശേഷം സന്ധ്യാവേലപ്പന്തലില്‍ രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, വൈകീട്ട് 4.30 മുതല്‍ സോപാനസംഗീതം, സന്ധ്യക്ക് കേളി, നാഗസ്വരം, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവ ഉണ്ടാകും.