ഒളിഞ്ഞിരിക്കുന്നവരെ തുരത്താൻ ഒസോണൈസർ
അപകടകരമാം വിധം വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ്-19 വൈറസിനെതിരെ ശക്തമായ അണുനശീകരണ സംവിധാനവുമായി ഇരിങ്ങാലക്കുട കൈ്രസ്റ്റ് കോളജ് ഒാഫ് എൻജിനീയറിംഗ്. സമ്പർക്കം മൂലമുണ്ടാകുന്ന രോഗവ്യാപനം വലിയ തോതിൽ കുറയ്ക്കുന്നതിനായി ഒാസോണൈസർ എന്ന അണുനശീകരണ സംവിധാനമാണ് കോളജ് മുന്നോട്ടുവയ്ക്കുന്നത്. കൊറോണ ഡിസ്ചാർജ് മുഖേന അന്തരീക്ഷത്തിലുള്ള ഒാക്സിജനെ വിഘടിപ്പിച്ച് ഒാസോൺ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണു ഒാസോണൈസറിന്റെ പ്രവർത്തന തത്ത്വം. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചു അണു നശീകരണം നടത്താൻ കഴിയാത്തിടങ്ങളിലാണു ഒാസോണൈസർ ഉപകാരപ്രദമാകുന്നത്. ശക്തമായ അണുനാശിനിയായ ഒാസോൺ വാതക രൂപത്തിലായതിനാൽ എല്ലായിടങ്ങളും പടർന്നെത്തി അണുനശീകരണം നടത്താൻ ഒാസോണൈസറിനു സാധിക്കും. വിസ്തൃതമാർന്ന മുറികൾ, വസ്ത്രങ്ങൾ വയ്ക്കുന്ന അലമാരകൾ, വാഹനങ്ങളുടെ അകംഭാഗം എന്നിവ അണുവിമുക്തമാക്കാൻ ഇൗ സംവിധാനം ഉപയോഗിക്കാം. ഒാസോൺ ഉത്പാദനം നടക്കുന്ന വേളയിൽ ഇൗ ഉപകരണത്തിനടുത്തു പോവാതിരിക്കാനും സമയബന്ധിതമായി അണുനശീകരണം നടത്താനുമായി വ്യക്തമായ ടൈമർ സംവിധാനം ഒാസോണൈസറിൽ ലഭ്യമാണ്. കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അധ്യാപകനായ രാഹുൽ മനോഹറും രണ്ടാം വർഷ വിദ്യാർഥിയായ കൃഷ്ണപ്രസാദും ചേർന്നാണു ഇത്തരമൊരു അണുനശീകരണ സംവിധാനം നിർമിച്ചത്.