നിയോജകമണ്ഡലത്തിലെ ഏഴു റോഡുകളുടെ പുനരുദ്ധാരണത്തിനായി ഒരു കോടി ഇരുപത്തി മൂന്നു ലക്ഷം രൂപയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്നും ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഏഴു റോഡുകളുടെ പുനരുദ്ധാരണത്തിനായി 1,23,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രഫ. കെ.യു. അരുണന് എംഎല്‍എ അറിയിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂള്‍-വലക്കഴ ലിങ്ക് റോഡിനു 18 ലക്ഷം, മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം കപ്പേള-കൊശറപ്പാലം റോഡിനു 18 ലക്ഷം, ആളൂര്‍ ഗ്രാമപഞ്ചായത്തിലെ വലതുകര കനാല്‍ ബണ്ട് റോഡിനു 12 ലക്ഷം, അഞ്ചലങ്ങാടി പാലസ് റോഡിനു 10 ലക്ഷം, പൂമംഗലം ഗ്രാമപഞ്ചായത്തിലെ കുട്ടിപ്പാലം റോഡിനു 25 ലക്ഷം, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ നമ്പ്യാങ്കാവ്-കുഴിക്കാട്ടുക്കോണം റോഡിനു 25 ലക്ഷം, പുത്തന്‍തോട് തെക്കേ ബണ്ട് റോഡിനു 15 ലക്ഷം രൂപ എന്നിങ്ങനെയാണു ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പ്രസ്തുത റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പിലെ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുമെന്നും എത്രയും വേഗത്തില്‍ പണികള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.