ഒന്നര ലക്ഷം വില വരുന്ന ലാബ് ഉപകരണം സ്വന്തമായി നിര്‍മിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: അവസാന വര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇലക്ട്രോമാഗ്നറ്റിക്സ് ലാബിന് വേണ്ടി ആന്റിന ടേണിങ് ടേബിള്‍ സ്വന്തമായി വികസിപ്പിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍. ഒന്നര ലക്ഷം രൂപ വില വരുന്ന ലാബ് ഉപകരണമാണ് കോളജിന്റെ ആര് ആന്‍ഡ് ഡി പ്രോജക്ടിന്റെ ഭാഗമായി കുറഞ്ഞ ചെലവില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ചത്. ഇന്‍പുട്ട് ആംഗിളിന് അനുസരിച്ച് ഓട്ടോമാറ്റിക് ആയി തിരിയുന്ന രീതിയില്‍ ആണ് ടേബിളിന്റെ രൂപകല്‍പ്പന. അവസാന വര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളായ വിമല്‍ കെ. തോമസ്, പി. റോമി ജയിംസ്, ജെയിന് ജോസ്, കെ.എം. അശ്വിന് എന്നിവരടങ്ങുന്ന ടീമാണ് ഈ ഉദ്യമത്തിന് പിന്നില്‍. എക്സ്പെരിമെന്റല്‍ സെറ്റ് അപ്പ് സ്വന്തമായി നിര്‍മിക്കുന്നതിലൂടെ പാഠ്യ വിഷയത്തെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമെന്ന് ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഒ. രാഹുല്‍ മനോഹര്‍ പറഞ്ഞു. ലാബ് അസിസ്റ്റന്റ്മാരായ ടി.എ. അശ്വിന്, ലിന്റോ ഡേവിസ്, ഇ.ടി. ജോയി, എന്നിവര്‍ പ്രോജക്ടിന് സാങ്കേതിക പിന്തുണ നല്കി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. കാരന് ബാബു എന്നിവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.