കളിയും ചിരിയുമായി പഠനവുമായി കുട്ടികള്‍ വീണ്ടും സ്കൂളുകളിലേക്ക്
കളിയും ചിരിയുമായി കുട്ടികള്‍ സ്കൂളുകളിലേക്ക്; വിദ്യാര്‍ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാട് പഠന രീതികളില്‍ അവലംബിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആര് ബിന്ദു; ഉപജില്ലയില്‍ ഒന്നാം ക്ലാസ്സില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലായി പ്രവേശനം തേടിയത് 1178 കുട്ടികള്‍ …
ഇരിങ്ങാലക്കുട: അവധിക്കാലത്തോട് വിട പറഞ്ഞ് പുത്തന്‍ യൂണിഫോമും ബാഗും കുടയുമായി കുട്ടികള്‍ അക്ഷരമുറ്റത്ത്. പ്രവേശനോല്സവത്തിന്റെയും വര്‍ണാഭമായ പരിപാടികളുടെയും അകമ്പടിയോടെ ആയിരുന്നു ആദ്യ അധ്യയന ദിനം. ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല പ്രവേശനോല്സവതിന്റെ ഉദ്ഘാടനം നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു നിര്‍വഹിച്ചു. വിദ്യാര്‍ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടാണ് പഠന രീതികളില്‍ അവലംബിക്കേണ്ടതെന്നും വിദ്യാലയങ്ങളില്‍ കുടുംബാന്തരീക്ഷം ഉറപ്പാക്കാന്‍ കഴിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നടവരമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഡിറ്റോറിയം, ലാബ് കോംപ്ലക്സ് എന്നിവ പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് , പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. പഞ്ചായത്ത് മെമ്പര്‍ മാത്യു പാറേക്കാടന്‍,ഒഎസ്എ പ്രസിഡണ്ട് പ്രദീപ് മേനോന് എഇഒ എം സി നിഷ, പിടിഎ പ്രസിഡന്റ് ഗീതാഞ്ജലി ബിജു, പ്രധാന അധ്യാപകരായ ബിന്ദു ഒ ആര്, എം കെ പ്രീതി , ബസന്ത് പി എസ് , സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഉപജില്ലയില്‍ 55 വിദ്യാലയങ്ങളില്‍ നിന്നായി 1395 കുരുന്നുകളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയിട്ടുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 217 ഉം എയ്ഡഡ് സ്കൂളുകളില്‍ 1178 കുട്ടികളുമാണ് ഒന്നാം ക്ലാസ്സിലേക്ക് എത്തിയിരിക്കുന്നത്.