ലഹരിയില് തുടക്കം പിന്നെ അരുംകൊല: ഗുണ്ടാസംഘങ്ങൾ വീണ്ടും തലപൊക്കുന്നു…പ്രായപൂർത്തിയാകാത്തവരും പ്രതികൾ
ഇരിങ്ങാലക്കുട: നീണ്ട ഇടവേളക്കുശേഷം ഇരിങ്ങാലക്കുട മേഖലയിൽ ഗുണ്ടാസംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും സജീവമാകുന്നു. കഴിഞ്ഞ ദിവസം മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷം രണ്ടുപേരുടെ ജീവനെടുത്തു. പ്രതികളെക്കുറിച്ചുള്ള അന്വേഷണമാണു ഗുണ്ടാസംഘങ്ങളിലേക്ക് എത്തിയത്. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക മൂലമുള്ള ആക്രമണങ്ങൾ നാട്ടുകാരുട സ്വൈര ജീവിതം നഷ്ടപ്പെടുത്തി. വീടുകയറി ആക്രമണം, തട്ടിക്കൊണ്ടുപോയി മർദിക്കൽ, പലിശപ്പണം പിരിക്കൽ, മണ്ണ് മാഫിയക്കാർക്കുള്ള സംരക്ഷണം തുടങ്ങിയവയാണ് ഇത്തരം സംഘങ്ങളുടെ പ്രധാന ഇടപാടുകൾ.
ക്വട്ടേഷൻ സംസ്കാരം നിലവിൽവന്നതോടെ പല്ലിനുപല്ല്, കണ്ണിനു കണ്ണ്, ചോരയ്ക്ക് ചോര എന്നതായി ആക്രമണശൈലി. കൈയ്ക്കും കാലിനും തുടങ്ങി ഓരോ ശശീരഭാഗത്തിനും പ്രത്യേക ക്വട്ടേഷൻ. കൊലയ്ക്കാണെങ്കിൽ ക്വട്ടേഷൻ റേറ്റും കൂടും. ബ്ലേഡ് മാഫിയസംഘങ്ങളും മണ്ണ്, മണൽ മാഫിയ സംഘങ്ങളുമാണ് ഗുണ്ടാ സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത്. പലിശക്ക് നൽകിയ പണം ഭീഷണിപ്പെടുത്തി തിരിച്ചു വാങ്ങുന്നതിനും അനധികൃതമായി നിലം നികത്തുന്നതിനും മറ്റും മണ്ണടിക്കുന്നവർക്കു സംരക്ഷണം നൽകുന്നതും ഇത്തരം ക്വട്ടേഷൻ സംഘങ്ങളാണ്.
മൂർക്കനാടു നടന്നതു കരുതിക്കൂട്ടിയുള്ള ആസൂത്രിത കൊലപാതകമാണെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷത്തിന് ഇരുവിഭാഗവും സുഹൃത്തുക്കളെ വിളിച്ചുവരുത്തിയിരുന്നു. ഇവരുടെ തിമിർത്തുള്ള ആഘോഷങ്ങളിൽ മദ്യവും ലഹരിയും ഒഴുകി. ലഹരിയുടെ മത്തിലാണ് മുന്പേ ഉണ്ടായ സംഭവത്തിന്റെ പകതീർക്കാൻ ആയുധങ്ങളുമായി യുവാക്കൾ ഉത്സവപ്പറന്പിലെത്തിയത്.
കൊലപാതകം ആസൂത്രികം
ഡിസംബർ 31ന് മൈതനത്ത് പ്രാദേശിക ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ്. ഈ ടൂർണമെന്റ് 18 ടീമുകൾ പങ്കെടുത്തിരുന്നു. സെമി ഫൈനൽ മത്സരത്തിനിടയിൽ ഉണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് വഴി വച്ചു. ഇപ്പോൾ കുത്തേറ്റ ചികിത്സയിൽ കഴിയുന്ന മൂർക്കനാട് സ്വദേശി പ്രജിത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ തമ്മിലായിരുന്നു ടൂർണമെന്റിനിടയിൽ വാക്കേറ്റം നടന്നത്. അന്നു പോലീസെത്തി പ്രശ്നം പരിഹരിച്ചിരുന്നുവെങ്കിലം ഇരു ടീമുകളും തമ്മിലുള്ള പക മാറിയിരുന്നില്ല. കുറച്ചുദിവസംമുന്പ് കൊലപാതകത്തിലെ മുഖ്യ പ്രതികളായ സഹോദരങ്ങൾ ഉത്സവത്തിനു തീർക്കുമെന്ന് പലയിടങ്ങളിലും വെല്ലുവിളി നടത്തിയതായി നാട്ടുകാർ പറഞ്ഞു. ഇതോടെ പ്രജിത്ത് തന്റെ ഏതാനും സുഹൃത്തുക്കളെ ഉത്സവത്തിനു വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ മറുവിഭാഗത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിലാണ് രണ്ടു പേരുടെ ജീവൻ പൊലിഞ്ഞത്. ഉത്സവത്തിന് പോലീസിന്റെ സാന്നിധ്യം കുറവായിരുന്നതായും നാട്ടുക്കാർ പഞ്ഞു.
മുഖ്യ പ്രതികൾ കാണാമറയത്ത്
സംഭവത്തിൽ പത്തുപേരാണു പേരാണു ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. പലരും പോലീസിന്റെ നിരീക്ഷണത്തിലാണ്. മുഖ്യ പ്രതികളായ രണ്ടു പേരെ ഇതുവരെയും പിടികൂടുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവർ സഹോദരങ്ങളാണ് മുന്പും നിരവധി കേസുകളിലും ഉൾപ്പട്ടിട്ടുള്ളവരാണിവർ. ഇവരോടൊപ്പം മുന്പ് പലകേസുകളിലും പ്രതികളായിട്ടുള്ളവരും മൂർക്കനാട് കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കു വേണ്ടി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ ഫോണ്കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായവരുമായി ഈ ദിവസങ്ങളിൽ ബന്ധപ്പെട്ടിരുന്വരെയും ഇവരുടെ സുഹൃത്തുകളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുട കനാൽ ബേയ്സിൽ വിജയൻ കൊലപാതക കേസുകളിലും പ്രതികളായവരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവസ്ഥത്ത് വച്ച് മരിച്ച അരിന്പൂർ സ്വദേശ അക്ഷയും ചികിത്സയിലിരിക്കെ മരിച്ച ആനന്ദപുരം സ്വദേശി സന്തോഷും മൂർക്കനാട് സ്വദേശികളല്ല. ഉത്സവത്തിന് സുഹൃത്തുക്കൾ വിളിച്ചതനുസരിച്ച് എത്തിയതാണ്.