ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ റിട്ടയേഡ് അധ്യാപകനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍

ഇരിങ്ങാലക്കുട: ആദിത്യ ബിര്‍ള മണി ലിമിറ്റഡ് എന്ന ട്രേഡിംഗ് കമ്പനിയുടെ വിലാസവും ലോഗോയും ഉപയോഗിച്ച് വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് സൈറ്റ് നിര്‍മ്മിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിയായ റിട്ടയേഡ് അധ്യാപകനായ പരാതിക്കാരനില്‍ നിന്ന് ഓണ്‍ ലൈന്‍ ട്രേഡിംഗ് നടത്തി ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 44,97,516 (നാല്പത്തിനാല് ലക്ഷത്തി തൊള്ളൂറ്റിയേഴായിരത്തി അഞ്ഞൂറ്റി പതിനാറ്) രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് രണ്ട് പേര് കൂടി അറസ്റ്റിലായത്. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശിയായ മാനകത്ത് വീട്ടില്‍ ജാസിര്‍ (32), കോഴിക്കോട് പുതിയങ്ങായി കോയ റോഡ് സ്വദേശിയായ ഷക്കീല്‍ റഹ്മാന് (32) എന്നിവരെയാണ് കാട്ടൂര്‍ സിഐ ഇ.ആര് ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. കാട്ടൂര്‍ സബ് ഇന്‍സ്പെക്ടര്‍ നൗഷാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനേഷ്.സി.ജി, നിബിന്, ഷൗക്കര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തിയാല്‍ ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്ന് പ്രതികള്‍ പരാതിക്കാരനെ വിശ്വസിപ്പിച്ച് ട്രേഡിംഗ് നടത്തിച്ച് 2024 ഡിസംബര്‍ ആറ് മുതല്‍ 2025 ഡിസംബര്‍ ആറ് വരെയുള്ള കാലയളവില്‍ പരാതിക്കാരന്റെ എടതിരിഞ്ഞിയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും പല തവണകളായി പല അക്കൗണ്ടിലേക്ക് 44,97,516 (നാല്പത്തിനാല് ലക്ഷത്തി തൊള്ളൂറ്റിയേഴായിരത്തി അഞ്ഞൂറ്റി പതിനാറ്) രൂപ നിക്ഷേപിപ്പിക്കുകയായിരുന്നു. നിക്ഷേപത്തിന്റെ ലാഭവിഹിതം പിന്‍വലിക്കാനായി ശ്രമിച്ചപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുകയും ലാഭവിഹിതത്തില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ് എടുത്തതിന് ശേഷം നിക്ഷേപിച്ച പണവും ലഭവിഹിതവും തിരികെ നല്കാന് ആവശ്യപ്പെട്ടപ്പോള്‍ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും ഈ കേസിലെ പ്രതികള്‍ തട്ടിപ്പ് നടത്തിയ പണം പെട്ടെന്ന് തന്നെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിവിധ ബാങ്കുകളിലേക്ക് അയച്ച് വിവിധ രീതിില്‍ കൈപറ്റിയിട്ടുള്ളതാണെന്ന് മനസിലാക്കിയിരുന്നു. ഈ സംഭവത്തില്‍ കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി മരക്കാന്കടവ്പറമ്പില് വീട്ടില്‍ ഫെമീന (29) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.