തരിശു ഭൂമികളില്‍ പൊന്നു വിളയിക്കുന്നതു വിനോദമാക്കിയവരാണ് റിനാസും ഭാര്യ പവിത്രയും
ഇവിടെ എല്ലാം തനി നാടന്‍;
തരിശോ…? തരിപോലും ഇല്ലാതാക്കും ഈ ദമ്പതിമാര്‍
കോണത്തുകുന്ന്: ആരും ഇറങ്ങിചെല്ലാന്‍ ധൈര്യപ്പെടാത്ത തരിശു ഭൂമികളില്‍ പൊന്നു വിളയിക്കുന്നതു വിനോദമാക്കിയവരാണ് റിനാസും ഭാര്യ പവിത്രയും. കഴിഞ്ഞ നാലുവര്‍ഷമായി ഈ ദമ്പതിമാര്‍ ജൈവ നെല്‍ക്കൃഷിയില്‍ നേടിയ വിജയങ്ങള്‍ക്കു തിളക്കമേറെയുണ്ട്. റിലയന്‍സ് കമ്പനിയില്‍ ഉയര്‍ന്ന ജോലി ചെയ്തുവന്നിരുന്ന പവിത്രയും മുംബൈയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്ന റിനാസും കൃഷിയിലേക്കിറങ്ങുന്നതു മണ്ണില്‍ പൊന്നു വിളയിക്കാനായിരുന്നു. കൃഷിയോടുള്ള താത്പര്യവും ആത്മവിശ്വാസവും കഠിനധ്വാനവും കൈമുതലാക്കി പേമാരിയും പ്രളയവും വരള്‍ച്ചയും മറികടന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ ഇവര്‍ നേടിയതു നൂറുമേനി വിളവ്. വിഷരഹിതമായ നല്ല ഭക്ഷണം ലഭ്യമാക്കുക എന്നുള്ളതായിരുന്നു ഇവരുടെ ലക്ഷ്യം. 2014 ലാണു സലിം ആലി ഫൗണ്ടേഷന് വഴി പരിസ്ഥിതി സൗഹൃദ പദ്ധതി വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ തുടക്കം കുറിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് ഈ ദമ്പതിമാര്‍ പഞ്ചായത്തിലെ തരിശു നിലങ്ങള്‍ കണ്ടെത്തി ജൈവ കൃഷി ആരംഭിച്ചത്. വെള്ളാഞ്ചിറ, ആനയ്ക്കല്‍ ചിറ പാടശേഖരങ്ങളിലായി 20 ഏക്കര്‍ പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. ദീര്‍ഘകാലം തരിശുകിടന്നിരുന്ന വെള്ളാഞ്ചിറ പാടശേഖരം വെല്ലുവിളി ഉയര്‍ത്തിയെങ്കിലും കൂട്ടായ ശ്രമത്തിലൂടെ അതിജീവിച്ചു. ആദ്യവര്‍ഷം വിളവ് കുറവായിരുന്നു. ഉത്പാദിപ്പിച്ചവയെല്ലാം സ്വന്തമായിത്തന്നെ സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ നെല്ലായും അരിയായും വിത്തായും വിറ്റഴിച്ചു. 2018 ല്‍ വിരിപ്പുകൃഷി ചെയ്തു. പ്രളയവും ഓഖിയുടെ ഭാഗമായുള്ള വെള്ളക്കെട്ടും ബാധിച്ചതിനാല്‍ കുറച്ചു നഷ്ടമുണ്ടായെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിളവുകൂടി വന്നു. ആദ്യവര്‍ഷം ഒരേക്കറില്‍ നിന്ന് 800 കിലോ നെല്ലാണ് ലഭിച്ചത്. ഇപ്പോള്‍ 1200 കിലോവരെ കിട്ടുന്നുണ്ട്. നെല്ല്, അവില്, അരിപ്പൊടി, അരി, പുട്ടുപൊടി എന്നിങ്ങനെ കൊറിയര്‍ വഴിയും വില്പന നടത്തും. കുറുവ, രക്തശാലി, ഞവര, തവളക്കണ്ണന്‍ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. സമയത്തിനു തൊഴിലാളികളെ ലഭിക്കാതിരിക്കുന്നത് കൃഷിയെ ബാധിച്ചിരുന്നതിനാല്‍ ഇതിനു പരിഹാരമായി ടില്ലറും ഞാറുനടീല്‍ യന്ത്രവും സ്വന്തമായി വാങ്ങി. പ്രവര്‍ത്തനം യുട്യൂബില്‍ കണ്ടുപഠിച്ച് ഈ വര്‍ഷത്തെ വിരിപ്പുകൃഷിക്ക് രണ്ടുപേരും ചേര്‍ന്ന് ഞാറുനട്ടു.