ക്രൈസ്റ്റ് കോളജ് ഓണക്കോടിയും ഓണഭക്ഷ്യകിറ്റും വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സ്വശ്രയ കൊമേഴ്സ് മാനേജ്മെന്റ് പഠനവിഭാഗം ഓണക്കോടിയും ഓണഭക്ഷ്യകിറ്റും വിതരണം ചെയ്തു. പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്കു സാമൂഹ്യ അവബോധം നല്‍കുന്നതിനായി രൂപീകരിച്ച ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. അതിരപ്പിള്ളി വാച്ചുമരം കോളനിയിലെ 48 കുടുംബാംഗങ്ങള്‍ക്കാണു ക്രൈസ്റ്റ് കരുതലിന്റെ ഭാഗമായി സാന്ത്വനസ്പര്‍ശം നല്‍കിയത്. കൊമേഴ്സ് മാനേജ്മെന്റിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ സമാഹരിച്ച ഓണകിറ്റിന്റെ വിതരണം സ്വാശ്രയവിഭാഗം ഡയറക്ടര്‍ റവ. ഡോ. വില്‍സണ്‍ തറയില്‍ സിഎംഐ നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ ഓണക്കോടി വിതരണം ചെയ്തു. സേവന പരിപാടിയുടെ ഭാഗമായി മധുരം വിതരണം ചെയ്തു. മാനേജ്മെന്റ് പഠനവിഭാഗം പ്രതിനിധി ഗായത്രി, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ സ്മിത ആന്റണി, സി.എല്‍. സിജി എന്നിവര്‍ പ്രസംഗിച്ചു.