ഇരിങ്ങാലക്കുടയില്‍ വഴിയിട വിശ്രമകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നു
ഇരിങ്ങാലക്കുട: ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മിക്കുന്ന വഴിയിട വിശ്രമകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്, ഠാണാവിലെ പൂതംകുളം, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണു വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ധനകാര്യ കമ്മീഷന് ഗ്രാന്റായി ലഭിച്ച 20 ലക്ഷവും നഗരസഭയുടെ 14 ലക്ഷം രൂപയും അടക്കം 34 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. കഫെ ഏരിയ, മുലയൂട്ടല്‍ മുറി, വിശ്രമമുറി, ശൗചാലയങ്ങള്‍ എന്നിവയാണു സജ്ജമാക്കുന്നത്. ഇതില്‍ ബസ് സ്റ്റാന്‍ഡിലെ പഴയ കംഫര്‍ട്ട് സ്റ്റേഷന് നവീകരിച്ചു നിര്‍മിച്ച വഴിയിട വിശ്രമകേന്ദ്രത്തിന്റെ പണി പൂര്‍ത്തിയായി. കഫെ ഏരിയയുടെ ഉദ്ഘാടനം കഴിഞ്ഞു. എന്നാല്‍ ലേലനടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പൂതംകുളത്ത് നിര്‍മിക്കുന്ന കേന്ദ്രത്തിന്റെ പണി അവസാനഘട്ടത്തിലാണ്. പച്ചക്കറി മാര്‍ക്കറ്റിലെ നിലവിലെ കംഫര്‍ട്ട് സ്റ്റേഷന് നവീകരിച്ചാണു വിശ്രമകേന്ദ്രമാക്കുന്നത്. ഇതിന്റെ പണി ആരംഭിച്ചിട്ടില്ല. ഇവിടെ കഫെ ഏരിയ നിര്‍മിക്കുകയും ശൗചാലയങ്ങള്‍ നവീകരിക്കുകയും ചെയ്യും. പൂതംകുളത്തെ വിശ്രമകേന്ദ്രത്തിന്റെ പണി പൂര്‍ത്തിയായതിനു ശേഷമായിരിക്കും മാര്‍ക്കറ്റിലെ കേന്ദ്രത്തിന്റെ പണി തുടങ്ങുക. ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ട പണിയാണ് കോവിഡ് പ്രതിസന്ധിമൂലം വൈകിയതെന്നു നഗരസഭ വ്യക്തമാക്കി.
പൂമംഗലത്തും
എടക്കുളം: പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ‘ടേക്ക് എ ബ്രേക്ക്’ വഴിയിട വിശ്രമകേന്ദ്രം ഒരുങ്ങുന്നു. എടക്കുളം നെറ്റിയാട് സെന്ററിലെ പുറമ്പോക്ക് ഭൂമിയിലാണ് ഏഴുലക്ഷം രൂപ ചെലവില്‍ വിശ്രമകേന്ദ്രം പണിയുന്നത്. ഭിന്നശേഷിസൗഹൃദ വിശ്രമകേന്ദ്രമാണ് ഒരുക്കുന്നതെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.