കാട്ടൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ അണ്ടര്‍ 14 ഫുട്ബോള്‍ മത്സരം നടത്തി
കാട്ടൂര്‍: കാട്ടൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഡ്രീം പ്രൊജക്ട് തൃശൂര്‍, കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി എന്നിവരുടെ സഹകരണത്തോടെ കേരള സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ വാരാചാരണത്തിന്റെ ഭാഗമായി 23 ന് കുട്ടികളുടെ അണ്ടര്‍ 14 ഫുട്ബോള്‍ മത്സരം എടമുട്ടം ഫുസോ ടര്‍ഫ് മൈതാനത്തില്‍ നടത്തി. ഫുട്ബോള്‍ മത്സരം കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ പി.പി. ജസ്റ്റിന് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കാണികള്‍ക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ജില്ലാ ടീമില്‍ കളിച്ച കുട്ടികള്‍ വരെ ഉള്‍പ്പെട്ട ആറ് പ്രശസ്ത ടീമുകള്‍ ലീഗ് അടിസ്ഥാനത്തില്‍ പങ്കെടുത്തു. അതി ഗംഭീര മത്സരത്തില്‍ കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി വിജയികളായി. എച്ച്ഡിപി എടതിരിഞ്ഞി സ്കൂള്‍ റണ്ണര്‍ അപ്പ് ആയി. വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും കാട്ടൂര്‍ എസ്ഐ സുജിത്ത്, ഷാഫി, തോമസ് എന്നിവര്‍ നല്കി. കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി കോച്ച് രഘു സ്വാഗതം പറഞ്ഞു. മത്സരം സംഘടിച്ച കാട്ടൂര്‍ ജനമൈത്രി പോലീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ധനേഷ് നന്ദി പറഞ്ഞു.