ബീച്ച് സാംബോ ചാമ്പ്യന്‍ഷിപ്പിന് മുഹമ്മദ് ഷിഹാനും

മുഹമ്മദ് ഷിഹാന്‍.
ഇരിങ്ങാലക്കുട: ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ സിങ്കപ്പൂരില്‍ നടക്കുന്ന 2025 സുആഓ കോണ്ടിനെന്റല് ബീച്ച് സാംബോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കാട്ടൂര്‍ അല്‍ബാബ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷിഹാന്‍ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മൂന്നംഗ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്ഥിയാണ് മുഹമ്മദ് ഷിഹാന്‍. ഗുസ്തിയോടും ജൂഡോയോടും സാമ്യമുള്ള കലയാണ് സാംബോ.
64 കിലോ വ്യക്തിഗത-ടീം വിഭാഗങ്ങളില്‍ പങ്കെടുക്കുന്ന ഷിഹാന്‍ 29-ന് സിങ്കപ്പൂരിലേക്ക് യാത്ര തിരിക്കും. വലപ്പാട് കരയാമുട്ടം സ്വദേശികളായ വലിയകത്ത് ഷജീബ്- അനീഷാ ദമ്പതിമാരുടെ മകനാണ്. ദേശീയ പരിശീലകനും തൃശൂര്‍ ജില്ലാ സാംബോ അസോസിയേഷന് സെക്രട്ടറിയുമായ അന്‍വര്‍ മരയ്ക്കാറാണ് പരിശീലകന്. കഴിഞ്ഞ വര്‍ഷം സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ, സംസ്ഥാന സാംബോ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട് ഷിഹാന്‍.