പഴുതടച്ച് പരിശോധന; വാഹനങ്ങള്‍ പിടിച്ചെടുത്തും പിഴയിട്ടും പോലീസ്,
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നിരത്തുകളില്‍ പോലീസ് കര്‍ശന പരിശോധന തുടരുന്നു. പാസും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാതെ യാത്രചെയ്യുന്നവരെല്ലാം പരിശോധനയില്‍ കുടുങ്ങി പിഴയടപ്പിച്ചു. പിഴ അടക്കാന്‍ വിസമതിച്ചവരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ട്രിപ്പിള്‍ ലോക്ഡൗണില്‍ കഴിഞ്ഞ മൂന്നു ദിവസമായി 126000 രൂപ ഇരിങ്ങാലക്കുട, ആളൂര്‍, കാട്ടൂര്‍ എന്നിവടങ്ങളിലെ പോലീസ് പിഴയീടാക്കുകയും 48 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തീട്ടുണ്ട്. ഒരു കാറും 47 ബൈക്കുകളുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇന്നലെ മാത്രം ഇരിങ്ങാലക്കുട പോലീസ് 27000 രൂപ പിഴ ഈടാക്കുകയും 11 ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തീട്ടുണ്ട്. നാല് കേസുകളും രജിസ്റ്റര്‍ ചെയ്തീട്ടുണ്ട്. ആളൂരില്‍ ഇന്നലെ 7500 രൂപ പിഴ ഈടാക്കുകയും രണ്ട് ബൈക്കുകള്‍ പിടിച്ചെടുക്കുകയും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തീട്ടുണ്ട്. കാട്ടൂരില്‍ 8000 രൂപ പിഴ ഈടാക്കുകയും എട്ട് ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തീട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളാങ്കല്ലൂര്‍, ഠാണാ ജംഗ്ഷന്, മാപ്രാണം, കോണത്തുകുന്ന് എന്നിവിടങ്ങളിലും ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കൊമ്പിടി, കല്ലേറ്റുംകര, ആളൂര്‍ ജംഗ്ഷന് എന്നിവിടങ്ങളിലും കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കാട്ടൂര്‍ ജംഗ്ഷന്, തേക്കുംമൂല, കാട്ടൂര്‍ പോംപെ സ്കൂള്‍ ജംഗ്ഷന് എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. പോലീസിനു പുറമേ ജനമൈത്രി വൊളന്റിയര്‍മാരും സജീവമായി രംഗത്തുണ്ട്. ഇരിങ്ങാലക്കുടയില്‍ രണ്ടു ഷിഫ്റ്റുകളിലായി 12 പേരാണ് പോലീസിനെ സഹായിക്കുന്നതിനായി ജനമൈത്രി ടീമിലുള്ളത്. ക്വാറന്റൈന് ലംഘിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി ബൈക്ക് പെട്രോളിംഗും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.