സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ, ശിക്ഷ വേഗത്തിലാക്കാന്‍ സ്പെഷ്യല്‍ കോടതികള്‍
ഇരിങ്ങാലക്കുട: സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ സ്പെഷ്യല്‍ കോടതികള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തൃശൂര്‍ റൂറല്‍ പോലീസിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിനായുള്ള കണ്ട്രോള് റൂമിനായി ഇരിങ്ങാലക്കുടയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന് ആകെ അപമാനമുണ്ടാക്കിയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ടതാണ്.ഈ സാമൂഹ്യ വിപത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ജീവിതം ഹോമിക്കേണ്ട അവസ്ഥ ഉണ്ടാകാന്‍ പാടില്ല. ഇങ്ങനെ മാറേണ്ട നാടല്ല കേരളം. സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണം. സ്ത്രീകളുടെ പരാതി നേരിട്ട് ചെന്ന് കേള്‍ക്കാന്‍ സംവിധാനം ഉണ്ടാകണം. പഞ്ചായത്തുകളില്‍ നിശ്ചിത ദിവസങ്ങളില്‍ വനിത പോലീസ് ഉദ്യോഗസ്ഥര്‍ എത്തി പരാതികള്‍ പരിശോധിക്കണം. തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട ഠാണാവില്‍ പഴയ സര്‍ക്കിള്‍ ഓഫീസ് ആസ്ഥാനത്ത് ഒരു കോടി രൂപ ചിലവില്‍ മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഒന്നരവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഇതോടെ യാഥാര്‍ത്ഥ്യമാകുമെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്നും റൂറല്‍ പോലീസ് മേധാവി ആര് പൂങ്കുഴലി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ ശാന്തകുമാരി, ഡിവൈഎസ്പി ആര് രാജേഷ്, സി ഐ അനീഷ് കരീം തുടങ്ങിയവര്‍ പങ്കെടുത്തു.