നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടയില്‍ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
ഇടിഞ്ഞത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടയില്‍
കരുവന്നൂര്‍: പുത്തന്‍തോട് കെഎല്‍ഡിസി കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തിനിടയില്‍ ഇടിഞ്ഞു. മൂര്‍ക്കനാട്, ചെമ്മണ്ട ഭാഗത്തേക്കുള്ള തെക്കേ ബണ്ട് റോഡിന്റെ അരികിടിഞ്ഞ ഭാഗത്ത് കരിങ്കല്ലുപയോഗിച്ചു നടത്തിയ നിര്‍മാണമാണു പൂര്‍ത്തിയാകുംമുമ്പേ മണ്ണടക്കം താഴേയ്ക്കിരുന്നത്. 10 ലക്ഷം ചെലവഴിച്ചു രണ്ടിടത്തായി 50 മീറ്ററിലാണു കെഎല്‍ഡിസി കരിങ്കല്ലുപയോഗിച്ചു സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. കനാലിന്റെ അടിഭാഗത്തു നിന്നും കരിങ്കല്‍ കെട്ടി പകുതിയില്‍ ബെല്‍റ്റ് വാര്‍ത്ത് വീണ്ടും കരിങ്കല്‍ കെട്ടുകയായിരുന്നു ചെയ്തിരുന്നത്. ഇതില്‍ ഒരു ഭാഗമാണു പൂര്‍ണമായും താഴേയ്ക്ക് ഇടിഞ്ഞുപോയത്. സംഭവത്തെത്തുടര്‍ന്ന് കെഎല്‍ഡിസി ഉദ്യോഗസ്ഥരും വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തി. അശാസ്ത്രീയമായ നിര്‍മാണവും നിര്‍മാണത്തിലെ അപാകവുമാണു കരിങ്കല്‍ഭിത്തി പൂര്‍ത്തീകരിക്കുന്ന വേളയില്‍ മണ്ണിടിഞ്ഞു താഴേയ്ക്കു പോകാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. 2018 ലെ പ്രളയത്തിലാണു ബണ്ട് റോഡിന്റെ ഈ ഭാഗം ആദ്യം ഇടിഞ്ഞത്. 201920 കാലവര്‍ഷത്തിലും ഇരുകരകളിലുമായി കൂടുതല്‍ സ്ഥലത്ത് ഇടിഞ്ഞിരുന്നു. മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ കെഎല്‍ഡിസി അധികൃതരും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം നഗരസഭ അധികൃതരും പദ്ധതി തയാറാക്കിയെങ്കിലും ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ പ്രവൃത്തികള്‍ വൈകുകയായിരുന്നു. ഈ കാലവര്‍ഷത്തിലും ബണ്ട് റോഡ് ഇടിഞ്ഞ് അപകടമുണ്ടാകുമെന്ന ജനങ്ങളുടെ ആശങ്കയ്ക്കിടയിലാണു കെഎല്‍ഡിസി സംരക്ഷണഭിത്തി നിര്‍മിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്.