ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഐക്യദാര്‍ഢ്യ പ്രതിഷേധ സമരം
ഇരിങ്ങാലക്കുട: ഒമ്പതു മാസക്കാലമായി രാജ്യത്തെ കര്‍ഷകര്‍ പട്ടിണി കിടന്നും ജീവന് ത്യജിച്ചും സമരത്തിലാണ്. പുതിയ കാര്‍ഷികബില്‍ പിന്‍വലിക്കുക, രാജ്യത്തെ രക്ഷിക്കുക, കര്‍ഷകരെ സംരക്ഷിക്കുക, കോര്‍പ്പറേറ്റ് ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടക്കുന്ന സമരത്തില്‍ 36 ഓളം കര്‍ഷകരാണ് മരണപ്പെട്ടത്. ഈ സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ രാജ്യദ്രോഹ തൊഴില്‍ ദ്രോഹ നയങ്ങള്‍ക്കെതിരെ 27 നു നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ഐക്യദാര്‍ഢ്യ പ്രതിഷേധ സമരം സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, സി.കെ. ദാസന്, പി.എസ്. ശ്യാംകുമാര്‍, ഒ.എസ്. വേലായുധന്, വി.കെ. സരിത, ശോഭന മനോജ് എന്നിവര്‍ പ്രസംഗിച്ചു. കെ.വി. രാമകൃഷ്ണന്, എ.എസ്. ബിനോയ്, കെ.എസ്. രാധാകൃഷ്ണന്, കെ.എസ്. പ്രസാദ്, വര്‍ദ്ധനന്‍ പുളിക്കല്‍, മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.