കാണാതായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി തിരിച്ചെത്തി, കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയച്ചു
കണ്ണൂര്‍ പറശിനികടവില്‍ തീര്ഥയാത്രക്കു പോയതായിരുന്നുവെന്ന് വിശദീകരിച്ച് പോലീസ്
ഇരിങ്ങാലക്കുട: കാണാതായ മാടായിക്കോണം സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണാട്ട് വീട്ടില്‍ കൃഷ്ണന് മകന് സുജേഷ് (37) വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു വീട്ടില്‍ തിരിച്ചെത്തിയത്. സുജേഷിനെ കാണാനില്ലെന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായതിനു കേസെടുത്തതിനാല്‍ കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയച്ചു. കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കെതിരെ തെളിവുകള്‍ അക്കമിട്ട് നിരത്തിയതു സുജേഷായിരുന്നു. രണ്ടു മാസം മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും പാര്‍ട്ടി അംഗത്വം തിരിച്ചുകിട്ടാന്‍ അപ്പീല്‍ നല്കി കാത്തിരിക്കുയായിരുന്നു. ഇതിനിടെയാണ്, സുജേഷിനെ കഴിഞ്ഞ ദിവസം കാണാതായത്. ശനിയാഴ്ച രാവിലെ ഏഴരയോടെ കാറില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ സുജേഷ് വൈകീട്ടും തിരിച്ചെത്തിയിട്ടില്ലെന്നും രണ്ടു മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും കാണിച്ച് സഹോദരന് സുരേഷാണു പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തില്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂര്‍ ജില്ലയാണെന്നു വ്യക്തമാവുകയായിരുന്നു. സുജേഷിന്റെ മൊബൈല്‍ ട്രാക്ക് ചെയ്ത് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള പോലീസ് സംഘം കണ്ണൂരില്‍ എത്തിയപ്പോഴെക്കും സുജേഷ് അവിടെ നിന്നും മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അസ്വസ്ഥനായിരുന്നു. സിപിഎമ്മില്‍ നിന്ന്ു പുറത്താക്കപ്പെട്ട ശേഷം ഏറെ ദുഖിതനായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പറയുന്നു. കരുവന്നൂര്‍ സാമ്പത്തിക തട്ടിപ്പില്‍ സിപിഎമ്മിനു പരാതി നല്‍കുകയും ബാങ്കിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുകയും ഇതേതുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സുജേഷിനെ പുറത്താക്കുകയും ചെയ്തിരുന്നു. മാടായിക്കോണം സ്കൂള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. കണ്ണൂര്‍ പറശിനികടവില്‍ തീര്ഥയാത്രക്കു പോയി എന്നാണ് തിരിച്ചെത്തിയ സുജേഷ് വീട്ടുക്കാരോടു പറഞ്ഞത്. തന്റെ യാത്രയും ബാങ്കിലെ പ്രശ്നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. വീട്ടുക്കാര് ഭയപ്പെട്ടതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.