കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം
കാട്ടൂര്‍: ഗ്രാമപഞ്ചായത്തില്‍ പൊതുജന സേവനാര്‍ഥം ആരംഭിച്ച ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് നിര്‍വഹിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് കാട്ടൂര്‍ ശാഖയുമായി സഹകരിച്ചാണു സംവിധാനം ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തിലെ സേവനങ്ങള്‍ക്കു നല്‍കേണ്ട തുകകള്‍ ഇനി മുതല്‍ ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ, മൊബൈല്‍ ഫോണ്‍ വഴിയോ നല്‍കാം. ഇതിനായി സൈ്വപ്പിംഗ് മെഷീന്, ബാര്‍കോഡ് എന്നിവ ഫ്രണ്ട് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ‘പേപ്പര്‍ ലെസ് പഞ്ചായത്ത്’ എന്ന ആശയത്തിന്റെ ഭാഗമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കു പരിപൂര്‍ണമായി മാറുന്നതിന്റെ ഭാഗമായാണ് ഇത്തരം സംവിധാനം ഒരുക്കിയിട്ടുള്ളതെന്നു പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അറിയിച്ചു. സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനില്‍ ലഭ്യമാവുന്ന പദ്ധതി മുന്‍പേ ആരംഭിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, സെക്രട്ടറി എം.എച്ച്. ഷാജി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സുനിത മനോജ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ടി.വി. ലത എന്നിവര്‍ പ്രസംഗിച്ചു.