വേനല്‍ കടുത്തിട്ടും വെള്ളക്കെട്ടൊഴിയുന്നില്ല
എടതിരിഞ്ഞി: വേനല്‍ രൂക്ഷമായിട്ടും മേനാലി, കണ്ണന്‍ചിറ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടില്‍ തന്നെ. കെഎല്‍ഡിസി കനാലിലെ കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചതോടെയാണു പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പ്രദേശങ്ങളായ മേനാലി, കണന്ചിറ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായിരിക്കുന്നത്. മഴക്കാലത്തു വെള്ളം കനാലിലേക്ക് ഒഴുകിപ്പോകുന്നതിനായി സ്ഥാപിച്ച ഈ പ്രദേശത്തെ 16 ഓളം ഓവുകളിലൂടെയാണു കനാലില്‍ നിന്നു വെള്ളം വരുന്നത്. കനാല്‍ വെള്ളം ഉയര്‍ന്നാല്‍ ഈ പ്രദേശങ്ങള്‍ വെള്ളത്തിലാകും. പിന്നീടു വെയിലേറ്റു വേണം വെള്ളം വറ്റാന്‍. ഇതിനു ദിവസങ്ങള്‍ വേണ്ടിവരും. എസ്സി വിഭാഗത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങള്‍ ഈ പ്രദേശത്തു താമസിക്കുന്നുണ്ട്. പ്രളയത്തിലും മുന്‍ വര്‍ഷങ്ങളിലുണ്ടായ കാലവര്ഷങ്ങളിലും ഏറ്റവും കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയതു കനാലിനോടു ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശങ്ങളിലാണ്. കനോലി കനാലില്‍ നിന്നു ഉപ്പുവെള്ളം കടക്കാതിരിക്കാനും കൃഷി ആവശ്യത്തിനുമായി കൂത്തുമാക്കല്‍ ഷട്ടര്‍ അടയ്ക്കുന്നതോടെയാണ് ഈ പ്രശ്നം. 16 ഷട്ടറുകളാണു കൂത്തുമാക്കലിലുള്ളത്. ചിമ്മിനി, മുപ്ലിയം മുതലായ സ്ഥലങ്ങളില്‍ നിന്നു കെഎല്‍ഡിസി കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കൂത്തുമാക്കല്‍ ഷട്ടറില്‍ വന്നു തങ്ങി നില്‍ക്കുകയാണ്. നേരത്തെ വിഷയം ചൂണ്ടിക്കാട്ടി ഇറിഗേഷനു പരാതി നല്‍കിയതിനെ തുടര്‍ന്നു രണ്ടു ഷട്ടറുകള്‍ തുറന്നാണു പ്രദേശത്തെ വെള്ളക്കെട്ടിന് അല്പം ശമനമുണ്ടാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നതു കൃഷിയെ ബാധിക്കുമെന്നതിനാല്‍ പ്രദേശത്തെ ഓവുകള്‍ താത്കാലികമായി അടച്ചു പറമ്പുകളിലേക്കു വെള്ളം കയറുന്നത് ഒഴിവാക്കണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇറിഗേഷന്‍ വകുപ്പും ഗ്രാമപഞ്ചായത്തും ഇടപെടണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.