ആശ്വാസം…ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് വരുന്നു. ഒരേസമയം 12 പേര്‍ക്കു ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന സൗകര്യത്തിലാണു കെട്ടിടം നിര്‍മിക്കുന്നത്. പുതുതായി നിര്‍മിച്ചിട്ടുള്ള മാതൃ-ശിശു ആശുപത്രിയുടെ തെക്കുകിഴക്കു ഭാഗത്തായിട്ടാണു പുതിയ കെട്ടിടം വരുക. സംസ്ഥാന സര്‍ക്കാരിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.47 കോടി രൂപയാണു ഡയാലിസിസ് യൂണിറ്റ് നിര്‍മാണത്തിന് അനുവദിച്ചിട്ടുള്ളത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വഴിയാണു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. എച്ച്എല്‍എല്‍ ലൈഫ് കെയറിനാണു നിര്‍മാണച്ചുമതല. ആറുമാസത്തിനുള്ളില്‍ കെട്ടിടത്തിന്റെ സ്ട്രക്ചര്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു തീരുമാനം. ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്നു രാവിലെ 11 നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയാഗിരി അധ്യക്ഷത വഹിക്കും. ടി.എന്‍. പ്രതാപന് എംപി മുഖ്യാതിഥിയായിരിക്കും. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മുഖ്യപ്രഭാഷണം നടത്തും.