ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷന് ഉപതെരഞ്ഞെടുപ്പ്; മുന്നണികള്‍ സജീവം;
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് ഏഴാം നമ്പര്‍ ആനന്ദപുരം ഡിവിഷനിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണരംഗത്ത് മുന്നണികള്‍ സജീവം. ജോലി ലഭിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അംഗം ഷീജ ശിവന് രാജി വെച്ചതിനെ തുടര്‍ന്നാണ് ആനന്ദപുരം ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുരിയാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാലു വാര്‍ഡുകളാണു ഡിവിഷന്റെ പരിധിയില്‍ വരുന്നത്. കഴിഞ്ഞ 10 വര്‍ഷമായി എല്‍ഡിഎഫിന്റെ നിയന്ത്രണത്തിലാണ് ആനന്ദപുരം ഡിവിഷന്. 2019 ല്‍ 809 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. വിജയ ചരിത്രം തുടരാന്‍ മുന്‍ സിഡിഎസ് മെമ്പറും സിപിഎം ബ്രാഞ്ച് അംഗവുമായ ഷീന രാജനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥി പര്യടനങ്ങളും റാലികളും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും കുടുംബയോഗങ്ങളുമായി എല്‍ഡിഎഫ് കളത്തില്‍ നിറഞ്ഞു കഴിഞ്ഞു. കോണ്‍ഗ്രസ് മെമ്പറും കുടുംബശ്രീ പ്രവര്‍ത്തകയുമായ ശാലിനി ഉണ്ണികൃഷ്ണനെയാണു ഡിവിഷന് പിടിച്ചെടുക്കാന്‍ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി പര്യടനങ്ങളും കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവര്‍ത്തനങ്ങളുമായി യുഡിഎഫും സജീവമായിക്കഴിഞ്ഞു. ഡിവിഷനിലെ ഒന്ന്, മൂന്ന്, നാലു വാര്‍ഡുകളില്‍ ലീഡ് ചെയ്യുമെന്നാണു യുഡിഎഫിന്റെ കണക്ക് കൂട്ടല്‍. പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയും അധ്യാപികയുമായ ധനിസ മണികണ്ഠനാണു ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടാം വാര്‍ഡില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്ന ധനിസ മൂന്നു റൗണ്ട് പര്യടനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കുടുംബയോഗങ്ങള്ക്കാണു തങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതെന്നു ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 5685 വോട്ടാണ് ആനന്ദപുരം ഡിവിഷനിലുള്ളത്. 17 ന് ആനന്ദപുരം സെന്റ് ജോസഫ്സ് സ്കൂള്‍, മുരിയാട് എയുപി സ്കൂള്‍, ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍, പാറേക്കാട്ടുക്കര പള്ളി ഹാള്‍ എന്നിവിടങ്ങളിലായിട്ടാണു വോട്ടിംഗ് നടക്കുന്നത്. 18 നു കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ വോട്ടെണ്ണല്‍ നടക്കും. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു, മുന്‍ എംഎല്‍എ അരുണന് മാസ്റ്റര്‍, വി.എ. മനോജ്കുമാര്‍, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് മണ്ഡലം ചെയര്മാന് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന്, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി എന്നിവര്‍ പ്രസംഗിച്ചു.