നാലമ്പല ദര്‍ശനം; ആദ്യദിനത്തില്‍ തന്നെ പതിനായിരങ്ങള്‍; വിവിധ ജില്ലകളില്‍ നിന്നായി പതിന്നാല് സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി…
ഇരിങ്ങാലക്കുട: മഹാമാരി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള നാലമ്പല തീര്‍ഥാടനത്തിന് അഭൂതപൂര്‍വ്വമായ തിരക്ക്. മഴയെയും അവഗണിച്ച് പതിനായിരങ്ങളാണ് ദര്‍ശനത്തിന് എത്തുന്നത്. ത്യപ്രയാറില്‍ നിന്നാണ് നാലമ്പല ദര്‍ശനം ആരംഭിക്കുന്നത്. നാല് ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് മഴ നനയാതെ വരി നില്‍ക്കാനും വഴിപാടുകള്‍ നടത്താനുമുള്ള സൗകര്യവും എര്‍പ്പെടുത്തിയിരുന്നു. പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെയും പ്രത്യേക വളണ്ടിയര്‍മാരുടെയും സേവനവും ഉറപ്പ് വരുത്തിയിരുന്നു. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും എര്‍പ്പെടുത്തിയിരുന്നു.തൃപ്രയാര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3.30 മുതലാണ് ദര്‍ശനം ആരംഭിച്ചത്. കൂടല്‍മാണിക്യ ക്ഷേത്രത്തിലും 3.30 നാണ് ദര്‍ശനം ആരംഭിച്ചത്. മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശന സൗകര്യം നല്കിയ ശേഷം ഒന്നരയോടെയാണ് അടച്ചത്. മുപ്പതിനായിരത്തില്‍ അധികം പേര് ആദ്യ ദിനത്തില്‍ പകല്‍ വരെ എത്തിയതായിട്ടാണ് കണക്കാക്കുന്നതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.പായമ്മല്‍ ശത്രുഘ്നക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചിനാണ് നട തുറന്നത്. ദര്‍ശനം മൂന്നരയോടെയോണ് അവസാനിച്ചത്.പായമ്മലില്‍ 9000 ത്തോളം പേര് അന്നദാനത്തില്‍ പങ്കെടുത്തു. പായമ്മലില്‍ രാവിലെ നടന്ന ചടങ്ങില്‍ നാലമ്പല തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, വാര്‍ഡ് മെമ്പര്‍ ഹൃദ്യ, ദേവസ്വം സെക്രട്ടറി ധില്ലന് അണ്ടിക്കോട്ട്, സേവാസമിതി പ്രസിഡന്റ് ക്യഷ്ണന്‍കുട്ടി ചോലാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാലമ്പല തീര്‍ഥാടകര്‍ക്കായി തിരുവനന്തപുരം, കോട്ടയം ,വയനാട്, മലപ്പുറം, പാലക്കാട്, കരുനാഗപ്പിളളി, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നായി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആദ്യദിനത്തില്‍ 15 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്.തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് വീതം സര്‍വീസുകളാണ് നടത്തിയത്. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള രണ്ട് സര്‍വീസുകളിലായി 113 തീര്‍ഥാടകരാണ് ആദ്യ ദിനത്തില്‍ നാലമ്പല ദര്‍ശനം നടത്തിയത്.ഇവര്‍ക്കായി കൂടല്മാണിക്യദേവസ്വത്തിന്റെയും കെഎസ്ആര്‍ടിസി യുടെയും ആഭിമുഖ്യത്തില്‍ പ്രത്യേക സൗകര്യങ്ങളും എര്‍പ്പെടുത്തിയിരുന്നു.