വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ മിഷനറിമാരുടെ സംഭാവനകള്‍ ഏറെ വിലമതിക്കുന്നതാണ് : മന്ത്രി ഡോ. ആര്. ബിന്ദു
ഗുരുവരിഷ്ഠ പുരസ്കാരം സിസ്റ്റര്‍ റോസ് ബാസ്റ്റിന് സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ മിഷനറിമാരുടെ സംഭാവനകള്‍ ഏറെ വിലമതിക്കുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് ഗുരുവരിഷ്ഠ പുരസ്കാരം സമര്‍പ്പിച്ചു.
ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് സിഎച്ച്എഫ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പലും കൊമേഴ്സ് വിഭാഗം റിസര്‍ച്ച് ഗൈഡുമായ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന് സിഎച്ച്എഫ് അധ്യാപന, സാമൂഹികസേവന മേഖലകളില്‍ പതിറ്റാണ്ടുകളായി തിളങ്ങി നില്ക്കുന്ന വ്യക്തിത്വമാണ്. പാവനാത്മാ പ്രൊവിന്‍സിനു കീഴിലുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതല നിര്‍വഹിക്കുന്ന സിസ്റ്റര്‍ റോസ് കല്ലേറ്റുംകര പാവനാത്മാ പ്രൊവിന്‍ഷ്യല്‍ ഹൗസിലെ വികാര്‍ പ്രൊവിന്‍ഷ്യലും കൂടിയാണ്. കോളജിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പാവപ്പെട്ട 50 കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കാനുള്ള കൂട്ടായ്മയെ മുന്നില്‍ നിന്നു നയിച്ച സിസ്റ്റര്‍ റോസ് ഇതിനായി ഒരു കോടി രൂപ സമാഹരിച്ചു. വൃക്കരോഗികളായ 50 പേര്‍ക്ക് ഡയാലിസിസിനുള്ള സഹായധനം നല്‍കുന്നതുള്‍പ്പെടെ ഒട്ടേറെ കാരുണ്യപ്രവൃത്തികളുടെ നേതൃത്വത്തില്‍ സിസ്റ്റര്‍ റോസിനെ കാണാം. വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായ സിസ്റ്റര്‍ റോസ് താന്‍ പഠിപ്പിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടു സന്ദര്‍ശിക്കാനും കുടുംബാന്തരീക്ഷം മനസിലാക്കാനും എക്കാലവും ശ്രമിച്ചിരുന്നു. ഇതുവഴി പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ട്യൂഷനും സാമ്പത്തിക സഹായങ്ങളും നല്കി. ഒട്ടേറെ പ്രബന്ധങ്ങളുടെ രചയിതാവുകൂടിയായ സിസ്റ്റര്‍ റോസ് സഭയുടെയും കോളജിന്റെയും പേരിലുള്ള നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ കൂടിയാണ്.