കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ 59 പേര്‍ക്കെതിരെ വധശ്രമത്തിനു കേസ്, 11 പേര് റിമാന്‍ഡില്‍
ഇരിങ്ങാലക്കുട: കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ 59 പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. സ്ത്രീകളായ 11 പേരെ ആളൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മുരിയാട് സിയോണ്‍ ട്രസ്റ്റിനു സമീപം താമസിക്കുന്നവരാണ് അറസ്റ്റിലായിരിക്കുന്നത്. വയനാട് തൈപറമ്പില്‍ വീട്ടില്‍ അല്‍ഫോണ്‍സ (35), കൊല്ലം കാര്‍മല്‍ ഭവനില്‍ മിനി (50), ഇടുക്കി പള്ളിപറമ്പില്‍ വീട്ടില്‍ മരിയ (49), കൊല്ലം കാര്‍മല്‍ ഭവനില്‍ ടെസി (23), കോട്ടയം തെക്കേപൂറ്റ് വീട്ടില്‍ റിന്റ (40), കോട്ടയം തെക്കേപൂറ്റ് വീട്ടില്‍ ജിജി (31), പുതുക്കാട് അരണാട്ടുകരക്കാരന്‍ വീട്ടില്‍ ആര്യ (32), കണ്ണൂര്‍ അറക്കല്‍ വീട്ടില്‍ അയോണ (38), കണ്ണൂര്‍ ആനഞ്ചേരി വീട്ടില്‍ ലിയോണ (31), കൊല്ലം കിഴക്കുംക്കര വീട്ടില്‍ മെറിന് (41), തുമ്പൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിഷ (36) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡു ചെയ്തു. തങ്ങള്‍ക്കും പരിക്കുപറ്റിയെന്നു പറഞ്ഞ് കൊടകര ശാന്തി ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് കൊടകര ശാന്തി ആശുപത്രി പരിസരത്തു വച്ചാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, ആളൂര്‍, കൊരട്ടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുരിയാട് കപ്പാറക്കടവ് പരിസരത്തു വച്ചാണ് കുടുംബത്തിനു നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ മുരിയാട് പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ഷാജി (56), മക്കളായ സാജന് (26), ഷാരോണ്‍ (13), സാജന്റെ ഭാര്യ ആഷ്ലീന്‍ (21), ബന്ധുക്കളായ ഊട്ടി സ്വദേശികളായ മാറാട്ടുകളത്തില്‍ എഡ്വിന് (19), അന്വിന് (14) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാര്‍ തടത്തു നിര്‍ത്തി മരച്ചില്ലകളും കല്ലുകളുമായാണ് ആക്രമിക്കപ്പെട്ടത്. മുരിയാടുള്ള സീയോണ്‍ ട്രസ്റ്റുമായുള്ള ബന്ധം ഉപേക്ഷിച്ച് പോന്നതിലുള്ള വൈരാഗ്യമാണ് ഈ ആക്രണമെന്നും തന്നെയും കുടുംബത്തെയും നിരന്തരം കള്ളകേസുകള്‍ നല്കി പീഡിപ്പിക്കുകയാണെന്നും സാജന് പറഞ്ഞു. ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മര്‍ദനമേറ്റവര്‍ നടത്തുന്ന ഫാം ഹൗസിനു സമീപം ഇന്നലെ രാവിലെ മുതല്‍ ചിലര്‍ റോന്തു ചുറ്റുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഭീതിയിലാണെന്നും ഇവര്‍ പറഞ്ഞു. സംഭവത്തിനു ശേഷം മുരിയാട് പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കി. പ്രതികളായവരെയെല്ലാം പോലീസ് തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. മറ്റുള്ളവരെ ഇന്നും നാളെയുമായി അറസ്റ്റ് ചെയ്യുവാനാണ് നീക്കം.