നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാര്‍ച്ച് മൂന്ന് മുതല്‍
പാരമ്പര്യരേതര കലാവിഷ്ക്കാരങ്ങള്‍ ഉണ്ടാകുന്നത് പട്ടണത്തിന്റെ സംസ്കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് കപില വേണു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തില്‍ തൃശൂര്‍ രാജ്യാന്തര ചലച്ചിത്രോത്സവം, ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാര്‍ച്ച് മൂന്ന് മുതല്‍ ഒന്‍പത് വരെ നടക്കും. ഇരിങ്ങാലക്കുട മാസ് മൂവീസ്, ഓര്‍മ്മ ഹാള്‍ എന്നീ കേന്ദ്രങ്ങളിലായി വിവിധ ഭാഷകളില്‍ നിന്നുള്ള ഇരുപത്തിയൊന്ന് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡെലഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം കൂടിയാട്ട കലാകാരി കപില വേണു നിര്‍വഹിച്ചു. പാരമ്പ്യരേതര കലാവിഷ്ക്കാരങ്ങള്‍ക്ക് പട്ടണത്തില്‍ തന്നെ മികച്ച വേദികള്‍ ഉണ്ടാകുന്നത് സംസ്കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഫിലിം സൊസൈറ്റി പ്രസ്ഥാനം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനാര്‍ഹമാണെന്നും കപില വേണു ചൂണ്ടിക്കാട്ടി. വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറര്‍ വി.കെ. അനില്‍കുമാര്‍, ഇന്‍സൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറി പ്രതിനിധി മണികണ്ഠന് എന്നിവര്‍ പാസുകള്‍ എറ്റ് വാങ്ങി. സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷനായിരുന്നു. രക്ഷാധികാരി പി.കെ. ഭരതന് മാസ്റ്റര്‍, സെക്രട്ടറി നവീന്‍ ഭഗീരഥന്, ട്രഷറര്‍ ടി.ജി. സച്ചിത്ത്, വൈസ് പ്രസിഡന്റ് ടി.ജി. സിബിന്, എക്സിക്യുട്ടീവ് അംഗം എം.ആര്. സനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.