ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷനില്‍ അമൃത്നഗരം പദ്ധതിയിലൂടെ പത്ത് കോടിയുടെ വികസനം നടപ്പാക്കും: പി.കെ. കൃഷ്ണദാസ്
ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്റെ അവസ്ഥ നേരിട്ട് മനസിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ പാസഞ്ചര്‍ അനിമിറ്റീസ് ചെയര്മാന് പി.കെ. കൃഷ്ണദാസ് സ്റ്റേഷന് സന്ദര്‍ശിച്ച് പരിശോധന നടത്തി. അടുത്ത അമൃത്നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് കോടിയുടെ വികസനം സ്റ്റേഷനില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കിഴക്ക് ഭാഗത്തുള്ള പ്ലാറ്റ്ഫോമിന്റെ നവീകരണങ്ങള്‍ക്കായി ഒരാഴ്ചക്കുള്ളില്‍ ടെന്‍ഡര്‍ വിളിക്കുമെന്നും കൊറോണക്ക് മുമ്പ് സ്റ്റോപ്പുണ്ടായിരുന്ന ട്രെയിനുകള്‍ക്കും മറ്റ് പുതിയ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുന്ന വിഷയവും റെയില്‍വെ ബോര്‍ഡില്‍ ഉന്നയിക്കാമെന്നും കൃഷ്ണദാസ് ഉറപ്പു നല്കി. ബിജെപി ഇരിങ്ങാലക്കുട, ആളൂര്‍ മണ്ഡലം കമ്മിറ്റികള്‍, വിവിധ പാസഞ്ചേഴ്സ് കമ്മറ്റികള്‍, വിവിധ സംഘടനകള്‍ റെയില്‍വെ അടിസ്ഥാന വികസന സംബന്ധമായി നിവേദനങ്ങള്‍ നല്കി. അടിസ്ഥാന വികസനമായ മേല്‍ക്കൂരകള്‍, ഇരിപ്പിടങ്ങള്‍, റെസ്റ്റ് റൂം, കൂടുതല്‍ ശൗചാലയങ്ങള്‍, കൂടുതല്‍ വെള്ളം, വെളിച്ചം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ ഈ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ പി.എന്‍. ഈശ്വരന്, സുജയ്സേനന്‍, ഷാജുമോന്‍ വട്ടേക്കാട്, ലോചനന്‍ അമ്പാട്ട്, കൃപേഷ് ചെമ്മണ്ട, പി.എസ്. സുബീഷ്, എ.വി. രാജേഷ്, വിപിന്‍, ഷൈജു കുറ്റിക്കാട്ട്, ജിനോയ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.