മതിലുകള്‍ കാന്‍വാസാക്കി വരകളില്‍ വിസ്മയം തീര്‍ത്ത് ആല്വിന് ജെയ്സണ്‍
ഇരിങ്ങാലക്കുട: എവിടെയോ എന്നോ കണ്ടു മറന്ന ജീവനുള്ള ദൃശ്യങ്ങള്‍ ഇവിടെ പുനര്‍ ജനിക്കുന്നു. ഈ വരകള്‍ വിരിയിക്കുന്ന വര്‍ണങ്ങളില്‍ ഗൃഹാതുരതയും ആധുനീകതയും ഒരു പോലെ തുളുമ്പുന്നു. ദൃശ്യങ്ങളുടെ മനോഹാരിത അല്പം പോലും ചോരാതെ കോറിയിടുന്ന ഈ വരകളിലൂടെ മനസില്‍ വിരിയുന്നതു ഒരായിരം ഭാവങ്ങളാണ്. ചിത്ര വര്‍ണങ്ങള്‍ നൃത്തമാടുന്ന ഈ കാന്‍വാസില്‍ പ്രകൃതിയുടെ തലോടലുണ്ട്. സ്നേഹ സ്വാന്തനവുമുണ്ട്. എല്ലാറ്റിനുമുപരി ദൈവീക സാന്നിധ്യവും മനുഷ്യരോടുള്ള കരുതലുമുണ്ട്. തെരുവോര ചുവരുകളെ കാന്‍വാസാക്കി ചിത്ര രചനയില്‍ വിസ്മയം തീര്‍ക്കുകയാണു ആല്വിന് എന്ന ചെറുപ്പക്കാരന്. ഇരിങ്ങാലക്കുട അല്‍വേര്‍ണിയ കോണ്‍വെന്റിന്റെ കവാടത്തിന്റെ ചുവരിലാണു ഈ യുവാവ് ഇപ്പോള്‍ തന്റെ കരവിരുത് തെളിയിക്കുന്നത്. ഫ്രാന്‍സീസ് അസീസി വചന പ്രഘോഷണം നടത്തുന്ന ചിത്രമാണു ഇപ്പോള്‍ വരക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍ നിന്നും പ്ലസ്ടു പാസായി ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജില്‍ ആനിമേഷന്‍ പഠനത്തിനു ചേര്‍ന്നിരിക്കുകയാണ് ആല്വിന്. സംസ്ഥാന തലത്തില്‍ നടന്ന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ചിത്ര രചനയില്‍ നേടിയിട്ടുണ്ട്.
ചിത്രരചനയില്‍ മാത്രമല്ല, കായിക രംഗത്തും ആല്വിന് തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കായിക രംഗത്ത് ബാസ്കറ്റ് ബോളിലും നീന്തലിലും കേരള ടീം ആംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം 18 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദേശീയ തലത്തിലുള്ള മല്‍സരങ്ങളില്‍ കേരളത്തില്‍ നിന്നും നീന്തലിലും ബാസ്ക്കറ്റ് ബോളിലും പങ്കെടുത്തിരുന്നു. ഒന്നും ചെയ്യാനില്ലാതെ അകത്തളങ്ങളില്‍ ഇരിക്കേണ്ട സമയമല്ല ഇത്. മറിച്ച് സമൂഹനന്മക്കായി ഏതു സമയവും ക്രിയാത്മകമായി മാറ്റിയെടുക്കണം എന്നാണു ഈ യുവാവിന്റെ ചിന്ത. കോണ്‍വെന്റിന്റെ മതിലുകളിലെ ചിത്രങ്ങള്‍ മാഞ്ഞു തുങ്ങിയതോടെ താന്‍ ഇവിടെ ചിത്രങ്ങള്‍ വരച്ചോട്ടെ എന്നു സിസ്റ്റേഴ്സിനോടു അയല്‍വാസിയായ യുവാവ് ചെന്നു ചോദിച്ചതോടെ സിസ്റ്റേഴ്സ് അതിനു സമ്മതിക്കുകയായിരുന്നു. മുന്‍ നഗരസഭാ കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്റെ മകനാണു ആല്വിന്.
(ആൽവിൻ ജെയ്സൺ- 9544312522, 9447412522)