നഷ്ടപ്പെട്ട പഴ്സ് കണ്ടെത്തി ഇരിങ്ങാലക്കുട പോലീസ്
ഇരിങ്ങാലക്കുട: ഐറിഷ് റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് കാര്‍ഡും മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ട പറപ്പൂക്കര സ്വദേശി ജോമോന് മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ പഴ്സ് വീണ്ടെടുത്ത് തുണയായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. 15ന് തിരിച്ച് അയര്‍ലാന്‍ഡിലേക്ക് മടങ്ങാനിരുന്ന പറപ്പൂക്കര ജോമോന്റെ പേഴ്സ് ഇരിങ്ങാലക്കുടയില്‍ നിന്ന് കല്ലേറ്റുംകരയിലേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ അഞ്ചിന് നഷ്ടപ്പെട്ടത്. സ്വന്തം കാറിന് മുകളില്‍ വച്ച പഴ്സ് എടുക്കാന്‍ ജോമോന് മറക്കുകയായിരുന്നു.
പഴ്സ് നഷ്ടപ്പെട്ടന്ന വിവരം അറിഞ്ഞ് ഇരിങ്ങാലക്കുട പോലീസിനെ സമീപിച്ചപ്പോള്‍ സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ നിന്ന് പുല്ലൂരില്‍ ഐ കാമറ ദൃശ്യങ്ങളില്‍ നിന്ന് കാറിനുമുകളില്‍ പേഴ്സ് ഇരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് 100 മീറ്റര്‍ അകലെ സ്വകാര്യ സിസിടിവി ദൃശ്യങ്ങളില്‍ പേഴ്സ് ഇല്ലായിരുന്നു.
ഇതുവഴി ആ സമയം കടന്നുപോയ വാഹനങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പഴ്സ് തിരിച്ചുകിട്ടാന്‍ സഹായകമായത്. കൊരട്ടി സ്വദേശിയുടെ വീട്ടില്‍ നിന്നാണ് പഴ്സ് പോലീസ് കണ്ടെടുത്തത്. എസ്ഐമാരായ എം.എസ്. ഷാജന്, കെ.പി. ജോര്‍ജ്, പോലീസുകാരായ രാഹുല്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.