മജിസ്ട്രേറ്റിനടക്കം പനിയെന്ന് സൂചന; ഫോഗിംഗ് നടത്തി ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട: ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മജിസ്ട്രേറ്റടക്കം നിരവധിപേര്‍ പനി ബാധിതരാണെന്നാണ് സൂചന. ഡെങ്കിപനിയാകാമെന്ന ധാരണയില്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോടതിയും കച്ചേരി വളപ്പും ഫോഗിംഗ് നടത്തി. മജിസ്ട്രേറ്റ് ഉള്‍പ്പെടെ ഓഫീസിലെ പല ജീവനക്കാരും പനിമൂലം അവധിയിലായിരുന്നതിനാല്‍ കോടതിയിലെ വിചാരണ നടപടികള്‍ താല്കാലികമായി സമീപത്തെ മജിസ്ട്രറ്റ് കോടതികള്‍ക്ക് കൈമാറേണ്ടിവരും. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപം കൂടല്‍മാണിക്യം ദേവസ്വം കച്ചേരിവളപ്പിലെ പഴയ കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. 2014ല്‍ ആണ് കച്ചേരിവളപ്പ് കൂടല്‍മാണിക്യം ദേവസ്വത്തിന് കൈമാറിയത്. പിന്നീട് ഈ കെട്ടിടത്തിലുണ്ടായിരുന്ന മറ്റുകോടതികള് എല്ലാം തന്നെ സിവില്‍സ്റ്റേഷനിലെ കോര്‍ട്ട് കോംപ്ലക്സിലേക്ക് മാറ്റിയിരുന്നെങ്കിലും മജിസ്ട്രേറ്റ് കോടതി മാറ്റിയിട്ടില്ല. കച്ചേരിവളപ്പ് കാടുകയറി കിടക്കുന്നതാണ് രോഗം പകരാന്‍ കാരണമെന്ന് ആരോപണം ശക്തമാണ്.