ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജിൽ പൂക്കൾക്കൊരു പുണ്യകാലം എന്ന പരിപാടി സംഘടിപ്പിച്ചു
പൂക്കൾക്കൊരു പുണ്യകാലം….. ഓണനാളുകൾക്കു ഹൃദയതാളം. വരവല്ല, ഇത് നാടൻ പൂക്കളുടെ പ്രദർശനം പ്രദർശനത്തിനെത്തിയത് 424 ഇനങ്ങളിലുള്ള പൂക്കൾ
ഇരിങ്ങാലക്കുട: കണിക്കൊന്നയ്ക്കെന്താ ഓണത്തിനു കാര്യം.. ഔഷധ ചെടികൾക്കെന്താണിത്ര ഭംഗി….എന്നിങ്ങനെ ഒരുപാട് സംശയങ്ങളാണ് നാടൻ പൂക്കൾ ശേഖരിക്കാനിറങ്ങിയ കുട്ടികൾക്കുണ്ടായിരുന്നത്. തൊടിയിലും വയൽ വരമ്പിലും വഴിവക്കിലും പരന്ന പാറപ്പരപ്പുകളിലും കുറ്റിക്കാട്ടിലും പാടത്തും തലയാട്ടി നിൽക്കുന്ന 424 ഇനം പൂക്കളാണ് സെന്റ് ജോസഫ്സ് കോളജിലെ വിദ്യാർഥികൾ ശേഖരിച്ചത്. ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജിൽ സംഘടിപ്പിച്ച പൂക്കൾക്കൊരു പുണ്യകാലം എന്ന പരിപാടി ഏറെ ഗൃഹാതുരത്വ മുണർത്തുന്നതായിരുന്നു. മുക്കുറ്റി, തിരുനാളി മന്ദാരം, എന്നു വേണ്ട കേട്ടു മാത്രം പരിചയമുള്ള നേരിട്ടുകാണാനും അവയെ കുറിച്ച് പഠിക്കുവാനും വിദ്യാർഥികൾക്ക് പ്രദർശനം അവസരമൊരുക്കി. കോളജിലെ മലയാളവിഭാഗം ഇരുപത് വർഷമായി മത്സരാടിസ്ഥാനത്തിൽ നടത്തിവരുന്ന പരിപാടിയാണ് പൂവുകൾക്കൊരു പുണ്യകാലം. കോളജ് തല മത്സരം കോളജിലെ സ്ക്രിപ്റ്റ് ഗാർഡനിൽ സംഘടിപ്പിച്ചു. നാനൂറോളം വൈവിദ്ധ്യമുള്ള നാട്ടുപൂക്കളാണ് പ്രദർശനത്തിനെത്തിയത്. വ്യത്യസ്തങ്ങളായ മൂന്നൂറ്റി നാല് നാട്ടുപൂക്കൾ പ്രദർശനത്തിനൊരുക്കിയ കോളജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥികൾ ഒന്നാംസ്ഥാനം നേടി. ഇരുന്നൂറിലേറെ നാട്ടുപൂക്കൾ പ്രദർശിപ്പിച്ച ഗണിതശാസ്ത വിഭാഗത്തിലെ വിദ്യാർഥികൾ രണ്ടാം സ്ഥാനവും നൂറ്റിയറുപത് നാട്ടുപൂവുകൾ ശേഖരിച്ച മലയാള ബിരുദാനന്തര വിദ്യാർഥികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.