ഇരിങ്ങാലക്കുട ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിവേദനം നല്കി
ഇരിങ്ങാലക്കുട: ഉച്ചഭക്ഷണ പദ്ധതി രൂക്ഷ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇരിങ്ങാലക്കുട ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിവേദനം നല്കി. ആഴ്ചയില്‍ ഒരു ദിവസം മുട്ടയും രണ്ടു ദിവസം പാലും നല്‍കണം. 2016ല്‍ നിശ്ചയിച്ച കുട്ടിയൊന്നിന് എട്ട് രൂപ എന്ന നിരക്കില്‍ ഇത് നടത്തിക്കൊണ്ടു പോകാന്‍ സാധ്യമല്ല. മാത്രമല്ല മൂന്നു മാസത്തിലധികമായി ഉച്ചഭക്ഷണ ചെലവിലേക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ഒക്ടോബര്‍ മാസം മുതല്‍ പാലും മുട്ടയും നിര്‍ത്തിവെക്കേണ്ട സ്ഥിതിയാണെന്ന് സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റികള്‍ വിലയിരുത്തിയ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിവേദനം നല്‍കിയത്.
മൂന്ന് മാസത്തെ കുടിശിക അടിയന്തിരമായി ലഭ്യമാക്കണം, പാലിനും മുട്ടക്കും പ്രത്യേക ഫണ്ട് അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചു. എച്ച്എം ഫോറം കണ്‍വീനര്‍ സിന്ധു മേനോന്, ജോയിന്റ് കണ്‍വീനര്‍ പി.ബി. അസീന, നിക്സണ് പോള്‍, എം.കെ. സുനജ തുടങ്ങിയവര്‍ പ്രസംഗിച്ചു.