അല്ല, വര്ക്ക് ഷോപ്പല്ല; ഇതൊരു പോലീസ് സ്റ്റേഷനാണ്, അതും വാടക കെട്ടിടത്തിലെ പോലീസ് സ്റ്റേഷന്
നിന്നുതിരിയാൻ ഇടമില്ലാതെ ആളൂർ പോലീസ് സ്റ്റേഷൻ
കല്ലേറ്റുംകര: ആളൂർ പോലീസ് സ്റ്റേഷനു കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തി തുടർനടപടികൾ വേഗത്തിലാക്കുവാൻ ആവശ്യമേറുന്നു. നിലവിൽ സഹകരണ ബാങ്കിന്റെ കെട്ടിടത്തിൽ വാടകക്കാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 2017 ജൂണിലാണ് ആളൂർ പഞ്ചായത്തിൽ കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കേന്ദ്രമാക്കി സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കുനിന്നു തിരിയാൻ പോലും സ്ഥലമില്ല.
ഈ സാഹചര്യത്തിലാണ് വിശാല സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിലേക്ക് മാറണമെന്ന് ആവശ്യമുയർന്നത്. കേരള ഫീഡ്സിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനായി മാറ്റിവച്ച സ്ഥലം സമീപത്ത് കാടുകയറിക്കിടക്കുകയാണ്. സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന സ്റ്റേഷനു വേണ്ടി 2019 ൽ 50 സെന്റ് സ്ഥലം കണ്ടെത്തിയെങ്കിലും ഇവിടേക്ക് കൃത്യമായ റോഡ് ഇല്ലാത്തതടക്കമുള്ള കാരണങ്ങളാൽ കെട്ടിടം നിർമിച്ചില്ല. 2020 ചതുരശ്ര അടി മാത്രം വലുപ്പമുള്ള പോലീസ് സ്റ്റേഷനിൽ എച്ച്എച്ച്ഒയും പ്രിൻസിപ്പൽ എസ്ഐ അടക്കം 44 പേരാണ് ജോലി ചെയ്യുന്നത്.
ജീവനക്കാർക്കു വിശ്രമ സ്ഥലമോ വേണ്ടത്ര ശുചിമുറി സംവിധാനങ്ങളോ ഇല്ല. സ്ത്രീകൾക്കുള്ള ശുചിമുറിയുടെ അവസ്ഥ ശോചനീയം. പ്രതികളെ കിടത്തുന്ന സെൽ ഇടുങ്ങിയതാണ്. കേസിലുൾപ്പെടുന്ന വാഹനങ്ങൾ ഇപ്പോൾ റോഡരികിലാണ് വച്ചിരിക്കുന്നത്. ഇവ റെയിൽവേ സ്റ്റേഷനിലേക്കും സഹകരണ ബാങ്കിലേക്കും പഞ്ചായത്താഫീസിലേക്കും ഗവ. പോളി ടെക്നിക് കോളജിലേക്കും വരുന്നവർക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കെ. കരുണാകരൻ മെമ്മോറിയൽ ഗവ. പോളി ടെക്നിക് കോളജും കഐസ്ഇബി ഓഫീസിന്റെ കെട്ടിടവും സമീപത്തുണ്ട്. ഇഴജന്തുഭീഷണിയും ഇടക്കിടെ ഉണ്ടാകാറുണ്ട്.