ട്രിപ്പിള്‍ ജംപില്‍ ഇരട്ട സ്വര്ണംകൊയ്ത് ക്രൈസ്റ്റ് കോളജ് സഹോദരങ്ങള്‍
ഇരിങ്ങാലക്കുട: തമിഴ്നാട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ട്രിപ്പിള്‍ ജംപില്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വര്‍ണം നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സഹോദരങ്ങള്‍. ഒന്നാംവര്‍ഷ എംകോം വിദ്യാര്‍ഥിനി മീര ഷിബു, മൂന്നാംവര്‍ഷ ബിഎ ഫംഗ്ഷണല്‍ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ വി.എസ്. സെബാസ്റ്റ്യന്‍ എന്നിവരാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. വനിതാവിഭാഗം മത്സരത്തില്‍ 13 മീറ്ററിന് മുകളില്‍ ചാടിയാണ് മീര സ്വര്‍ണം നേടിയത്, 16.19 മീറ്റര്‍ ചാടിയാണ് സെബാസ്റ്റ്യന്‍ സ്വര്‍ണം നേടിയത്. മീറ്റിന്റെ മികച്ച പുരുഷതാരമായി സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പട്ടത് ഇരട്ട നേട്ടമായി. ഇരുവരും ദ്രോണാചാര്യ ജേതാവായ പരിശീലകന് ടി.പി. ഔസേഫിന്റെ കീഴിലാണ് പരിശീലനം നേടുന്നത്. രണ്ടുപേരുടെയും നേട്ടം കോളജിന്റെ കായിക പാരമ്പര്യത്തിന്റെ പൊന്‍തൂവലാണെന്ന് പരിശീലകരും അധ്യാപകരും കോളജ് അധികൃതരും അഭിപ്രായപ്പെട്ടു. ഇരുവരും വെള്ളാനി ദേശത്ത് വടക്കേത്തല വീട്ടില്‍ ഷിബു ആന്റണി, സരിത ഷിബു ദമ്പതികളുടെ മക്കളാണ്.