അവിട്ടത്തൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ദേശീയ അംഗീകാരമായ എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കറ്റ്
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ദേശീയ അംഗീകാരമായ എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. വേളൂക്കര പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രസിഡന്റ് കെ.എസ്. ധനേഷിന്റെയും ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പന്ത്രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് ദേശീയ അംഗീകാരത്തിന് കാരണമായത്. വിദഗ്ധസംഘം കഴിഞ്ഞവര്‍ഷം ഡിസ്പെന്‍സറി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആയുഷ് കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സര്‍ക്കാര്‍ കര്‍മപദ്ധതിയും തുണയായി. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ലാപ്ടോപ്പുകള്, രോഗികള്‍ക്ക് ടോക്കണ്‍ സമ്പ്രദായം, ആശാ പ്രവര്‍ത്തകരുടെ സേവനങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള പരിശോധനകള്‍ എന്നിവ ഡിസ്പെന്സറിയില് ഉറപ്പാക്കിയിട്ടുണ്ട്. പ്രവര്‍ത്തനം ആരംഭിച്ച് 62 വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് അവിട്ടത്തൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ദേശീയ അംഗീകാരം കരസ്ഥമാക്കുന്നത്. രോഗികളടെ സൗകര്യാര്‍ഥം വേളൂക്കര പഞ്ചായത്തില്‍ കല്ലംകുന്നില്‍ സബ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.