കരുവന്നൂര്‍ പുഴയില്‍ അജ്ഞാത മൃതദേഹം
വിലയില്ലേ, ഈ ജീവനുകള്‍ക്ക്, കരുവന്നൂര്‍ പുഴയില്‍ ആത്മഹത്യകള്‍ തുടര്‍കഥ
പാലത്തിന്റെ കൈവരികള്‍ ഉയര്‍ത്തണം, നവകേരള സദസില്‍ പരാതി നല്‍കിയിട്ടും മറുപടിയില്ല
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയുള്ള ആത്മഹത്യകള്‍ തുടര്‍കഥയാവുന്നു. ആത്മഹത്യ മുമ്പാകുന്ന പാലത്തിന്റെ കാര്യത്തില്‍ അധികൃതര്‍ ശ്രദ്ധചെലുത്തണമെന്ന് നാട്ടുക്കാര് ആവശ്യപ്പെട്ടു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ പാലത്തില്‍ നിന്നും പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത് മൂന്നുപേര്‍. ഇന്നലെ രാത്രി കണ്ട മൃതദേഹം തിരിച്ചറിഞ്ഞീട്ടില്ല. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പുഴയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റേതെന്നു തോന്നുന്ന രീതിയില്‍ പാന്റും ഷര്‍ട്ടുമാണ് വേഷം. ഒരാഴ്ചയുടെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് കരുതുന്നത്. മുഖം തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലാണ്. കരുവന്നൂര്‍ വലിയ പാലത്തിന്റെ വടക്കുകിഴക്കു ഭാഗത്തായി റിലയന്‍സ് സ്മാര്‍ട്ട് പോയിന്റിനു പുറകിലായാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സന്ധ്യയോടെ മീന്‍ പിടിക്കാനെത്തിയ പ്രദേശവാസിക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. കമിഴ്ന്നുകിടക്കുന്ന രീതിയില്‍ ചണ്ടിയില്‍ കുടുങ്ങികിടക്കുകയായിരുന്നു മൃതദേഹം. മൃതദേഹം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇത് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന ആവശ്യം. കൈവരികള്‍ക്ക് മുകളില്‍ ഒരാള്‍ പൊക്കത്തില്‍ എങ്കിലും ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധി വരെ ഇത്തരം ശ്രമങ്ങള്‍ തടയാനാകുമെന്നാണ് നാട്ടുക്കാരുടെ വിലയിരുത്തല്‍. മാത്രവുമല്ല, പാലത്തിനു സമീപം പോലീസിന്റെ സ്ഥിരം നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തണം. കുറച്ചുനാള്‍ മുമ്പ് ആത്മഹത്യ ശ്രമത്തിനിടയില്‍ ഒരാള്‍ രക്ഷപ്പെട്ടത് സമീപത്തേ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെയും പ്രദേശവാസികളുടെയും സമയോചിത ഇടപെടലില്‍ മൂലമായിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഒരു വിദ്യാര്‍ഥിയും പാലത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തിരുന്നു.പാലത്തിന്റെ കൈവരികള്‍ക്ക് മുകളില്‍ ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നവകേരള സദസ്സില്‍ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.