ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു
ഇരിങ്ങാലക്കുട: ചലച്ചിത്ര ആസ്വാദന സംസ്കാരം രൂപപ്പെടുത്തുന്നതില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്കും ചലച്ചിത്ര മേളകള്‍ക്കും നിര്‍ണ്ണായകമായ പങ്കാണുള്ളതെന്ന് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ പല്ലൊട്ടി നെയന്റീസ് കിഡ്സ് ചിത്രത്തിന്റെ സംവിധായകന് ജിതിന് രാജ് അഭിപ്രായപ്പെട്ടു. തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 8 മുതല്‍ 14 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി സംഘടിപ്പിക്കുന്ന 5-ാം മത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് ടു കാലത്ത് തന്റെ ഗ്രാമത്തിലുള്ള സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ കണ്ട അന്താരാഷ്ട്ര ചിത്രങ്ങള്‍ തന്റെ ജീവിതത്തില്‍ എറെ സ്വാധീനം ചെലുത്തിയതായും ജിതിന് രാജ് പറഞ്ഞു.
റോട്ടറി ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ. ഭരതന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഫിലിം ഫെസ്റ്റിവലിന്റെ ഡെലഗേറ്റ് പാസ്സിന്റെ വിതരണോദ്ഘാടനം സെന്റ് ജോസഫ്സ് കോളജ് ചെയര്‍ പേഴ്സണ്‍ അശ്വതിക്ക് നല്കി കൊണ്ട് പ്രവാസി വ്യവസായിയും ഇന്‍സൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറി എംഡിയുമായ തോട്ടാപ്പിള്ളി വേണുഗോപാലമേനോന് നിര്‍വഹിച്ചു. സെക്രട്ടറി നവീന്‍ ഭഗീരഥന്, വൈസ് പ്രസിഡന്റ് ടി.ജി. സിബിന്, ട്രഷറര്‍ ടി.ജി. സച്ചിത്ത്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണന് വെട്ടത്ത്, രാജീവ് മുല്ലപ്പിള്ളി, വി.എസ്. വസന്തന്, എം.എസ്. ദാസന്, വര്ധനന് പുളിക്കല്‍, സുരേഷ് കോവിലകം, അംഗങ്ങളായ നീതു മനീഷ്, ഷെല്ലി മുട്ടത്ത്, സെന്റ് ജോസഫ്സ് കോളജ് വൈസ് ചെയര്‍പേഴ്സണ്‍ എസ്തര് തുടങ്ങിയവര്‍ പങ്കെടുത്തു.