അവിട്ടത്തൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി എന്‍എബിഎച്ച് അംഗീകാരം ഏറ്റുവാങ്ങി
ഇരിങ്ങാലക്കുട: മികച്ച നിലവാരം പുലര്‍ത്തിയതിന് വേളൂക്കര ഗ്രാമപഞ്ചായത്ത് അവിട്ടത്തൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് എന്‍എബിഎച്ച് ആക്രഡിറ്റേഷന് ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റ് വേളൂക്കരഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍. നീലിമ പഞ്ചായത്തംഗളായ പി.ജെ. സതീഷ്, സി.ആര്. ശ്യാംരാജ് എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി.
ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അക്രെഡിറ്റേഷന്‍ നല്കുന്ന ദേശീയ ഏജന്‍സിയാണ് എന്‍എബിഎച്ച് മാനദണ്ഡ അടിസ്ഥാനത്തില്‍ ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് ഈ അംഗീകാരം ലഭ്യമായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍എബിഎച്ച് അംഗീകാരം നല്‍കിയത്. കേരള സര്‍ക്കാരിന്റെയും ദേശീയ ആയുഷ് മിഷന് കേരളയുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.