തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
തുറവന്‍കുന്ന്: സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ മെയ് നാല്, അഞ്ച്, ആറ് തിയതികളില്‍ ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍ നിര്‍വഹിച്ചു. അമ്പുതിരുനാള്‍ ദിനമായ നാലിന് രാവിലെ 6.30ന് കൂടുതുറക്കല്, രൂപം പ്രതിഷ്ഠിക്കല്‍, ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. ഷാജു ചിറയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് അമ്പ്, വള എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും. തിരുനാള്‍ദിനമായ അഞ്ചിന് രാവിലെ 6.30ന് തിരുനാള്‍ പ്രസുദേന്തിവാഴ്ച, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് സാഗര്‍ രൂപത ബിഷപ് എമരിത്തുസ് മാര്‍ ആന്റണി ചിറയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജു ചൊവ്വല്ലൂര്‍ ഒഎഫ്എം തിരുനാള്‍ സന്ദേശം നല്‍കും. ഫാ. അജിത് ചേര്യേക്കര സഹകാര്‍മികനായിരിക്കും. വൈകീട്ട് നാലിന് ദിവ്യബലി തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഏഴിന് വാനില്‍ വര്‍ണവിസ്മയം തുടര്‍ന്ന് കൊച്ചിന് കൈരളി കമ്യൂണിക്കേഷന്റെ ഗാനമേള. പരേതരുടെ അനുസ്മരണദിനമായ ആറിന് രാവിലെ 6.30ന് ഫാ. സെബി കൂട്ടാലപറമ്പില്‍ കാര്‍മികത്വം വഹിക്കും. 12ന് എട്ടാമിടതിരുനാള്‍ ദിനത്തില്‍ രാവിലെ 9.30 ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. വില്‍സണ്‍ മൂക്കനാംപറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ച ഊട്ട്. വൈകീട്ട് 5.30ന് ഇടവകദിനം, പൊതുസമ്മേളനം തുടര്‍ന്ന് കലാപരിപാടികള്‍. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍, കൈക്കാരന്മാരായ മല്പ്പാന് ദേവസി ആന്റോ, കാഞ്ഞിരപറമ്പില്‍ ലോനപ്പന് വില്സന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.