ആദ്യം വാടക കെട്ടിടം, പിന്നീട് ദാനമായി ലഭിച്ച ഭൂമിയില്‍ അഗതി മന്ദിരം. നിത്യചിലവിന് പിടിയരി
ഇരിങ്ങാലക്കുട ദൈവ പരിപാലന ഭവനത്തിന് 75 വയസ്
ഇരിങ്ങാലക്കുട: സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നവരും സാമ്പത്തിക പരാധീനത നിമിത്തം ശുശ്രൂഷ ലഭിക്കാത്തവരും മക്കളാല്‍ അവഗണിക്കപ്പെട്ടവരും ആയ വൃദ്ധന്മാര്ക്ക് സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശവുമായ ദൈവപരിപാലനാഭവനം പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. അവശരും ആലംബഹീനരുമായ വയോജനങ്ങള്‍ക്ക് ഒരു അത്താണിയാണിത്. ഇരിങ്ങാലക്കുടയിലെ ഓയില്‍മില്‍സ് ഉടമകള്‍, സെന്റ് മേരീസ് പള്ളി (ഇന്നത്തെ നിത്യാരാധന കേന്ദ്രം) വികാരിയായിരുന്ന ഫാ.ജോസഫ് തോട്ടുങ്ങലിനെ സമീപിച്ച്, കമ്പനിയുടെ ധര്മ്മസംഖ്യ ഏതെങ്കിലും നല്ല കാര്യത്തിനുവേണ്ടി വിനിയോഗിക്കാമെന്നു പറഞ്ഞു. തോട്ടുങ്ങലച്ചന് സെന്റ് ജോര്‍ജ്ജ്സ് പള്ളി (ഇന്നത്തെ സെന്റ് തോമസ് കത്തീഡ്രല്‍) വികാരിയായിരുന്ന ഫാ. ജോര്‍ജ്ജ് ചിറമ്മലിനെ കാര്യം ധരിപ്പിച്ചു. ഉടന്‍ തന്നെ ചുരുക്കം ചില പ്രമുഖ വ്യക്തികളുടെ ഒരു അനൗദ്യോഗിക യോഗം വിളിച്ചുകൂട്ടി വൃദ്ധന്മാര്ക്കുവേണ്ടി ഒരു അഗതിമന്ദിരം സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. ഇന്ന് ഈ സ്ഥാപനം ഇരിക്കുന്ന 59 സെന്റ് സ്ഥലവും ഒരു കൊച്ചുവീടും ഷെവലിയാര്‍ ഇഞ്ചേടി ഇയ്യപ്പന്റെ കൈവശമായിരുന്നു. ഷെവലിയാര്‍ ഈ സ്ഥലം വാടകക്ക് തരുവാന്‍ തയ്യാറായി. മലബാര്‍ മിഷനറി ബ്രദേഴ്സ് സന്യാസ സമൂഹത്തിന്റെ സ്ഥാപകന്‍ പുണ്യശ്ലോകനായ മോണ്‍സിഞ്ഞോര്‍ സക്കറിയാസ് വാഴപ്പിള്ളി ഇതിന്റെ നടത്തിപ്പ് ഏറ്റെടുത്തു. അവിഭക്ത തൃശൂര്‍ രൂപത ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലപ്പാട്ട് 1949 ഏപ്രില്‍ 2 ന് ആശീര്വ്വദം നടത്തി. ഇറ്റാലിയന്‍ ട്യൂറിനിലെ വി. ജോസഫ് കൊത്തൊലെങ്കയാണ് ഈ സ്ഥാപനത്തിന്റെ മധ്യസ്ഥന്‍.
സ്വന്തം കെട്ടിടത്തിലേക്ക്.
ദിവ്യകാരുണ്യ ഭക്തനായിരുന്ന സഖറിയാസച്ചന് പ്രധാന മുറി അലങ്കരിച്ച് ഒരു കൊച്ച് അള്‍ത്താരയുണ്ടാക്കി സക്രാരി വെച്ച് അദ്ദേഹം വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചു. കെടാവിളക്ക് കത്തിച്ചു. ആരാധന നടത്തി. ആഴ്ചയിലൊരു ദിവസം ദിവ്യബലി ഉണ്ടായിരിക്കും. ഒരു ദിവസം ഷെവലിയര്‍ ഇയ്യപ്പന്‍ അവിചാരിതമായി സ്ഥാപനത്തില്‍ വന്നു. ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. അദ്ദേഹം പുറത്ത് നില്‍ക്കുകയാണ്. ബ്രദര്‍ ബരാര്ഡ് അകത്തേയ്ക്ക് ക്ഷണിച്ചു. അകത്തു വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചിട്ടുണ്ട് എന്നു പറഞ്ഞു. അദ്ദേഹം വാതില്‍ തുറന്നു, അകത്തു കടന്നു, കെടാവിളക്കു കണ്ട് അത്ഭുതപ്പെട്ടു. അവിടെ ഈശോ വസിക്കുന്ു. മുട്ടുകുത്തി ഏറെനേരം പ്രാര്‍ഥിച്ചു. പുറത്തുകടന്നു. അവിടെ വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചിട്ടുള്ളത് അദ്ദേഹം അറിഞ്ഞിരുന്നില്ല. സഖറിയാസച്ചനെ കാണണമെന്ന് ബ്രദറിനോട് പറഞ്ഞു. വാടക ബാക്കി ചോദിക്കാനായിരിക്കുമോ എന്നു സഖറിയാസച്ചന് ശങ്കിച്ചു. അദ്ദേഹം ഷെവലിയറെ ചെന്നു കണ്ടു. ഷെവലിയര്‍ പറഞ്ഞു: ഈശോയുടെ വിശാലഭൂമിയില്‍ ഒരു തുണ്ടു സ്ഥലം കിട്ടുവാനാണ് എന്റെ ശ്രമം. ഈശോ വസിക്കുന്ന സ്ഥലത്തിന്റെ ഉടമ ഞാനായിരിക്കാന്‍ പാടില്ല. സ്ഥലം ഞാന്‍ ദാനമായി തീറുതാരാം. അതിനുവേണ്ടുന്ന കാര്യങ്ങള്‍ ചെയ്തുകൊള്ളുക. അങ്ങിനെ ദൈവപരിപാലനാഭവനത്തിനു സ്വന്തമായി സ്ഥലമായി.
പിടിയരി നിത്യചിലവ്.
നിത്യചിലവ് നടന്നിരുന്നത് പിടിയരിയിലൂടെയാണ്. എല്ലാ ആഴ്ചയിലും ബ്രദര്‍മാര്‍ നീല സഞ്ചിയുമേന്തി ഓരോ വീട്ടുപടിക്കലും ചെന്ന് അരിപിരിച്ച് കൊണ്ടു വന്ന് ഏല്പിക്കും. അതാണ് പ്രധാന വരുമാനമാര്‍ഗ്ഗം. അരി പിരിവ് സംബന്ധിച്ച് സഖറിയാസച്ചനു വ്യക്തമായ ആശയമുണ്ട്. പിരിവുകാര് വരുമ്പോള്‍ അരപ്പറയോ ഒരു പറയോ അളന്നിട്ടു കൊടുക്കുന്നതില്‍ അച്ചന് ഒട്ടും താല്പര്യമില്ല. ഓരോ പ്രവശ്യവും അടുപ്പത്തിടുവാന് കൊണ്ടുപേകുന്ന അരിയില്‍നിന്നു വീട്ടമ്മമാര്‍ ഒരുപിടിയെടുത്ത് പിടിയരിപത്രത്തല് ഇടണം. ഓരോ പ്രാവശ്യവും അരിയിടുമ്പോള്‍ അപ്പൂപ്പന്മാരെ ഓര്‍ക്കണം. ബ്രദര്‍മാര്‍ സഞ്ചിയുമായി വരുമ്പോള്‍ കൂട്ടി വെച്ചിരിക്കുന്ന അരി അളക്കാതെ സഞ്ചിയില്‍ ചൊരിഞ്ഞുകൊടുക്കണം. അതു നാഴിയേയുള്ളൂ, അതുമതി, ഇടനാഴിയേയുള്ളൂ, മതി. അളന്ന് ഒരു പറ കൊടുക്കുന്നതിനേക്കാള്‍ മേന്മ അളക്കാതെ കൊടുക്കുന്ന നാഴിക്കും ഇടനാഴിക്കുമുണ്ട്. എത്ര കൊടുത്തു എന്നതിനേക്കാള്‍ ഏതു മനോഭാവത്തോടെ കൊടുത്തു എന്നതിനാണ് പ്രാധാന്യം. അരിപ്പിരിവുകൊണ്ട് ഭഷണപ്രശ്നം തീരും. പിന്നീട് ഇരിങ്ങാലക്കുട സുമനസുകളുടെ സഹായത്താല്‍ ഈ സ്ഥാപനം ഏറെ വളരുകയായിരുന്നു. ത്യാഗോര്ജ്ജ്വലമായ പ്രേഷിത പ്രവര്‍ത്തഫലമായി 75 വര്‍ഷത്തിനിടയില്‍ 3000 പേര്‍ക്ക് സ്നേഹശുശ്രൂഷ നല്കാന് ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. എം.എം.ബി സെന്റ് തോമസ് പ്രൊവിന്‍സിന്റെ കീഴിലാണ് ദൈവപരിപാലനാഭവനം പ്രവര്‍ത്തിക്കുന്നത്. കപ്ലോനായി ഫാ. റോബി വളപ്പില മാനേജരായി ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശ്ശേരിയും അസി. മാനേജരായി ബ്രദര്‍ സണ്ണി പള്ളിപ്പുറത്തുകാരനും ഇവിടെ സേവനം ചെയ്തുവരുന്നു. ഇപ്പോള്‍ ഇവിടെ 45 അന്തേവാസികളാണുള്ളത്. ദൈവപരിപാലനാഭവനത്തിന്റെ ഗോള്‍ഡന്‍ ജൂബിലി സ്മാരകമായി 1999 ല്‍ ചേലൂര്‍ ബെതിസയ്ദ ഭവനം ആചരിചചു. പുണ്യചരിതനായ മോണ്ട. സഖറിയാസ് വാഴപ്പിള്ളിയച്ചന്‍ ഈ ആശ്രമചാപ്പലിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ 1ന് ബഹു. സഭാസ്ഥാപകന്റെ ചരമദിനം ആചരിച്ചുവരുന്നു.
ഇരിങ്ങാലക്കുട അസ്സീസി ഹൗസിന്റെയും ദൈവപരിപാലനാഭവനത്തിന്റെയും പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്
ഇരിങ്ങാലക്കുട: എംഎംബി സന്യാസ സമൂഹ സ്ഥാപനമായ മോണ്‍. സക്കറിയാസച്ചനാല് സ്ഥാപിതമായ ഇരിങ്ങാലക്കുട അസ്സീസി ഹൗസിന്റെയും ദൈവപരിപാലനാഭവനത്തിന്റെയും പ്ലാറ്റിനം ജൂബിലി സമാപനവും സ്ഥാപനത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ജോസഫ് കൊത്തളങ്കോയുടെ തിരുനാളും ഇന്നു നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നല്‍കും. എംഎംബി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ബ്രദര്‍ ജോസ് ചുങ്കത്ത് ഉപഹാര സമര്‍പ്പണം നിര്‍വഹിക്കും. എംഎംബി സുപ്പീരിയര്‍ റവ. ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ജോയ്സി സ്റ്റീഫന്‍, ഫാ. റോബി വളപ്പില, ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ട്രസ്റ്റി ലിംസണ്‍ ഊക്കന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, പ്രൊവിഡന്‍സ് ഫ്രട്ടേണിറ്റി മെമ്പര്‍ അഡ്വ. ജോര്‍ഫിന്‍ പെട്ട എന്നിവര്‍ സംസാരിക്കും. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കെ. ഗോപി പ്രായമായവരെ ആദരിക്കല്‍ നിര്‍വഹിക്കും.