മൂര്‍ക്കനാട് ഇരട്ട കൊലപാതകം; പ്രധാനപ്രതികളില്‍ ഒരാള്‍ പിടിയില്‍
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ക്ഷേത്രത്തിലെ പൂരത്തിനോട് അനുബന്ധിച്ച് നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രധാന പ്രതി പുത്തൂര്‍ പാറക്കല്‍ വീട്ടില്‍ ആഷിക്(24) അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞുമൊയ്ദീന്‍കുട്ടി, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മനോജ് ഗോപി എന്നിവരുടെ മേല്‍നോട്ടത്തില്‍ തൃശൂര്‍ റൂറല്‍ ജില്ല ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും ചേര്‍ന്ന് അവിനിശേരിയില് നിന്നുമാണ് പിടികൂടിയത്. പ്രതിക്കെതിരെ മൂന്ന് മോഷണകേസ്, ഒരു കവര്‍ച്ചകേസ്, രണ്ട് കൊലപാതകശ്രമം, ഒരു എന്‍ഡിപിഎസ് കേസ്, ഒല്ലൂര്‍ സ്റ്റേഷന് റൌഡി ഇതിന് പുറമെ കാപ്പ ചുമത്തി ജയില്‍വാസം കഴിഞ്ഞ് ഇറങ്ങിയാണ് മൂര്‍ക്കനാട് കൊലപാതകത്തില്‍ ഉള്‍പ്പെട്ടത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന അവിനിശേരിയില് എത്തിയ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ഇയാളെ പോലീസ് സംഘം പിന്തുടരുവേ ഒരു വീടിന്റെ മതില്‍ക്കെട്ടിലേക്ക് എടുത്തുചാടിയ പ്രതി കിണറിലേക്ക് വീഴുകയും നാട്ടുകാരുടെ സഹായത്താല്‍ പോലീസ് സംഘം ഇയാളെ കിണറ്റില്‍ നിന്നും പുറത്തെടുക്കുകയും ആണ് ഉണ്ടായത്. ഗുണ്ടാ ആക്ടില്‍പ്പെട്ട് ആറുമാസക്കാലത്തോളം ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഈയടുത്താണ് പുറത്തിറങ്ങിയത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ ഡാന്‍സാഫ് എസ്ഐമാരായ പി. ജയകൃഷ്ണന്, ടി.ആര്. ഷൈന്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.പി. രാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് വി. ദേവ്, സോണി സേവിയര്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ.ജെ. ഷിന്റോ, എന്നിവരും ഉണ്ടായിരുന്നു.