അര്‍മേനിയയില്‍ ബന്ദിയിലായിരുന്ന യുവാവിന് ഒടുവില്‍ മോചനം; മകന്റെ ജീവന് തന്നെ ഭീഷണിയിലായിരുന്നുവെന്ന് കുടുംബം
ഇരിങ്ങാലക്കുട: അര്‍മേനിയയില്‍ ബന്ദിയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന് ഒടുവില്‍ മോചനം. ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം ചെമ്പില്‍ വീട്ടില്‍ മുകുന്ദന്റെയും ഗീതയുടെയും മകന് വിഷ്ണു (31)വിനെയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് അര്‍മേനിയയില്‍ ബന്ദിയാക്കിയിരുന്നത്. ഇരിങ്ങാലക്കുട സ്വദേശിയും മകന്റെ സുഹൃത്തുമായ ഷാരൂഖ് വഴിയാണ് വിഷ്ണു അര്‍മേനിയയിലെത്തിയത്. ആറ് ലക്ഷത്തോളം രൂപയായിരുന്നു ഷാരൂഖ് വിസയ്ക്കായി വിഷ്ണുവിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരി 19 നാണ് വിഷ്ണു അര്‍മേനിയയിലേക്ക് പോയത്. യാരവന്‍ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീര്‍ എന്നിവരുമുണ്ടായിരുന്നു. പിന്നീട് ഈ ഹോസ്റ്റലിന്റെ നടത്തിപ്പ് വിഷ്ണുവിന്റെ പേരിലാക്കിയുള്ള സമ്മതപത്രത്തില്‍ ഒപ്പിടിച്ച് കൂടെയുള്ളവര്‍ സ്ഥലം വിടുകയായിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കെട്ടിട ഉടമ വിഷ്ണുവിനെ പണം ആവശ്യപ്പെട്ട് ബന്ദിയാക്കുകയായിരുന്നു.
മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ പന്നിഫാമിലേക്ക് മാറ്റുമെന്നു പറഞ്ഞ് തോക്ക് ചൂണ്ടിയായിരുന്നു ബന്ദിയാക്കിയിരുന്നത്. സംഭവമറിഞ്ഞ് നാട്ടില്‍ നിന്നും കുടുംബം 1,50,000 രൂപ അയച്ച് കൊടുത്തെങ്കിലും ഇനിയും മൂന്ന് ലക്ഷം രൂപ കൂടി ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. നാല് ദിവസത്തോളം ബന്ദിയില്‍ കഴിയുകയായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ അമ്മ ഗീത നോര്‍ക്ക ഓഫീസിലും, മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദുവിനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും പരാതി നല്കി. ഇവരുടെ ഇടപ്പടലുകളെ തുടര്‍ന്ന് മോചനം ലഭിച്ചതായാണ് സൂചന. താന്‍ സുരക്ഷിതനാണെന്നും നാട്ടിലേക്ക് ഉടന്‍ മടങ്ങുന്നുമെന്നും ഇന്ത്യന്‍ എംബസിയിലേക്ക് പോകുകയാണെന്ന് അറിയിച്ച് ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ വീട്ടിലേക്ക് വിഷണുവിന്റെ ഫോണ്‍ വിളി എത്തി. വിഷ്ണുവിന്റെ വരവും കാത്തിരിക്കുകയാണ് കുടുംബം.